ഇടുക്കി ഉപ്പുതറ രജനി കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്ന ഭർത്താവ് സുബിൻ തൂങ്ങിമരിച്ചു. വീടിന് സമീപമുള്ള മറ്റൊരു പറമ്പിൽ തൂങ്ങിയ നിലയിലായിരുന്നു സുബിന്റെ മൃതദേഹം.
ചൊവ്വാഴ്ച വൈകിട്ട് ഇളയ മകൻ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ചോര വാർന്ന് മരിച്ച നിലയിൽ രജനിയെ കണ്ടത്. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു. കല്യാണം കഴിഞ്ഞത് മുതൽ രജനിയും സുബിനും തമ്മിൽ വഴക്ക് പതിവായിരുന്നു. സുബിൻ സ്ഥിരമായി മർദ്ദിക്കുന്നതിനെ തുടർന്ന് വീട്ടിലേക്ക് പോയ രജനി ഒരു മാസം മുമ്പാണ് തിരികെ എത്തിയത്. വീണ്ടും വഴക്ക് പതിവായതോടെ പ്രകോപിതനായ സുബിൻ രജനിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന സുബിൻ ബുധനാഴ്ച വൈകിട്ട് നാട്ടിൽ തിരിച്ചെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പൊലീസ് നായയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും സുബിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ സാങ്കേതിക പരിശോധനയിൽ വീടിന് സമീപത്തെ തെരുവ പുല്ലുകൾക്കിടയിലൂടെ ആൾ നടന്ന് പോയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ തിരച്ചിലിലാണ് മരത്തിൽ തൂങ്ങിയ നിലയിൽ സുബിന്റെ മൃതദേഹം കണ്ടെത്തിയത് ഉപ്പുതറ പൊലീസ് നടപടികൾ പൂർത്തിയാക്കി സുബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.