സഹപ്രവര്‍ത്തകരായ പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി തടവു അനുഭവിക്കണം. പുനലൂർ മണിയാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് മുളവെട്ടിക്കോണം മഞ്ജു നിവാസിൽ മഞ്ജുവിനെ(36) കൊലപ്പെടുത്തിയ കേസിലാണു ഭർത്താവ് മണികണ്ഠനെ (42) കൊല്ലം നാലാം സെഷൻസ് കോടതി ജഡ്ജി സി.എം.സീമ തടവും പിഴയും ശിക്ഷ വിധിച്ചത്. മഞ്ജുവിന്റെ മക്കൾക്ക് വിക്ടിം കോംപൻസേഷൻ ആക്ട് പ്രകാരം ധനസഹായം ലഭ്യമാക്കണമെന്നും വിധി ന്യായത്തിൽ പറഞ്ഞു.
2022 ഫെബ്രുവരി 2022 ഫെബ്രുവരി 9നായിരുന്നു കൊലപാതകം നടന്നത്. ഭര്‍ത്താവ് മണികണ്ഠൻ ഉപദ്രവിക്കുന്നതായി രാത്രി 8ന് മഞ്ജു അമ്മയോടു ഫോണിൽ പറഞ്ഞിരുന്നു. രാത്രി 12 നു മഞ്ജുവിന്റെ ഫോണിൽ നിന്ന് അച്ഛനെ ഫോൺ വിളിച്ചെങ്കിലും ഫോൺ പെട്ടെന്ന് കട്ട് ആയി. തിരിച്ചു പലതവണ വിളിച്ചപ്പോൾ മണികണ്ഠൻ ഫോൺ എടുത്ത് മഞ്ജു ഉറങ്ങുകയാണെന്നു പറഞ്ഞു. അടുത്ത ദിവസം പുലർച്ചെ 5 മുതൽ മഞ്ജുവിന്റെ അമ്മ ഫോൺ വിളിച്ചെങ്കിലും ഫോൺ എടുക്കാതിരുന്നതിനാൽ സഹോദരൻ മനോജ് വീട്ടിലെത്തിയപ്പോഴാണ് ഹാളിൽ മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടത്. മണികണ്ഠൻ കൈത്തണ്ട മുറിച്ച് കയ്യിൽ കത്തിയുമായി നിൽക്കുകയായിരുന്നു.
മഞ്ജുവിനെ കൊലപ്പെടുത്തിയതായി അയൽക്കാരെയും മഞ്ജുവിന്റെ സഹപ്രവർത്തകരെയും മണികണ്ഠൻ ഫോൺ വിളിച്ചു സംഭവദിവസം രാത്രി തന്നെ പറഞ്ഞിരുന്നു. മദ്യപിച്ച് വഴക്കുണ്ടാകുന്ന ദിവസങ്ങളിൽ ഇങ്ങനെ വിളിക്കുന്നത് പതിവായതിനാൽ അവർ കാര്യമാക്കിയില്ല. പുനലൂർ പൊലീസ് ഇൻസ്പെക്ടർ ടി.രാജേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു. 35 പ്രമാണങ്ങളും തൊണ്ടിയും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കുന്നത്തൂർ കെ.കെ.ജയകുമാർ ഹാജരായി. എ.വിദ്യ പ്രോസിക്യൂഷൻ സഹായിയായി.
അതേസമയം മഞ്ജുവിന്റെ മരണത്തോടെ അനാഥരായ അവസ്ഥയിലാണ് മക്കള്‍. മഞ്ജുവിന്റെ മക്കളെ സംരക്ഷിച്ചിരുന്നത് മഞ്ജുവിന്റെ അമ്മയും അച്ഛനും ആയിരുന്നു. അച്ഛൻ അർബുദം ബാധിച്ചു മരിച്ചു. പിന്നീട് ഇടിമിന്നലേറ്റ് അമ്മയും മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഏക സഹോദരൻ മനോജിന്റെ ചുമലിൽ ആയിരിക്കുകയാണ്. ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് മഞ്ജുവിന്റെ മക്കളുടെ സംരക്ഷണച്ചുമതലയും.
മഞ്ജുവിന്റെ പേരിൽ ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളും അച്ഛനും അമ്മയും മണിയാർ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയും അടച്ചു തീർക്കാൻ കഴിയുന്നില്ല. ആകെയുള്ള 9 സെന്റ് വസ്തു ജപ്തി ഭീഷണിയിലാണ്. ജീവിതം ചോദ്യചിഹ്നമായി നിൽക്കുമ്പോഴും സഹോദരിയുടെ കൊലപാതകിയെ നിയമത്തിനു മുന്നിൽ എത്തിച്ചു ഉചിതമായ ശിക്ഷ വാങ്ങിച്ചു കൊടുത്ത ആശ്വാസത്തിലാണു മനോജ്.