ഒരു സിനിമ കഥയെ വെല്ലും തല്ലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്നത്. പെൺസുഹൃത്തിൽനിന്ന് കടമായി വാങ്ങിയ പണം തിരികെ നൽകാത്തതിന് യുവാവിനെ തിരഞ്ഞെത്തിയ പത്തംഗസംഘം തല്ലിയതാകട്ടെ യുവാവിന്‍റെ അച്ഛനെയും. കോട്ടുകാൽ വട്ടവിള സ്വദേശി ബിനുവിനെയാണ് യുവാക്കളുടെ സംഘം കരിങ്കല്ലും തടിയും കമ്പിയും അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി നാലുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
ബിനുവിന്‍റെ മകനായ അഭിനവ് തന്‍റെ പെൺസുഹൃത്തിൽനിന്ന് 65,000 രൂപ കടമായി വാങ്ങിയിരുന്നു. ഇത് സമയബന്ധിതമായി തിരികെ നൽകിയിരുന്നില്ല. ഇതുസംബന്ധിച്ച് പെൺസുഹൃത്തും അഭിനവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പണം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന് പെൺകുട്ടി തന്‍റെ മറ്റൊരു ആൺസുഹൃത്തും കേസിലെ രണ്ടാംപ്രതിയുമായ അഫിനോട് പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് അഫിൻ തന്‍റെ സുഹൃത്തുക്കളുമായി അഭിനവിന്‍റെ വീട്ടിലെത്തിയത്. അഭിനവിനെ കാണാത്തതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന അഭിനവിന്‍റെ അച്ഛൻ ബിനുവിനെ കല്ലും തടിയും കമ്പിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കൊല്ലയിൽ മഞ്ചവിളാകം സ്വദേശി സ്റ്റാലിൻ(18), പരശുവയ്ക്കൽ നെടിയംകോട് ജോഫി ഭവനിൽ അഫിൻ(18), കുന്നത്തുകാൽ എളളുവിള സ്വദേശി സനോജ്(18), കാരക്കോണം വണ്ടിത്തടം പ്ലാങ്ങല ജിനോ ഭവനിൽ ജിനോ എന്ന രജികുമാർ(20), തമിഴ്നാട് കരുമാനൂർ അമ്പലച്ചിറ പുത്തൻവീട്ടിൽ ശ്രീഹരി(18), മാറന്നല്ലൂർ പെരുമ്പഴൂതൂർ പദ്മവിലാസത്തിൽ ഭരത്ശങ്കർ(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.