വിവാഹേതര ബന്ധം പുറത്തറിയുമെന്ന ഭീതിയില്‍ കാമുകനൊപ്പം ചേര്‍ന്ന് മകളെ കൊലപ്പെടുത്തി.ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ആണ് സംഭവം. 25 വയസുകാരിയായ സബ്നൂർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ യാസ്മിൻ, ഇവരുടെ കാമുകൻ റഹീസ് അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബർ 26-നാണ് ഗ്രാമത്തിലെ കനാലിൽ സബ്നൂറിന്റെ മൃതദേഹം കണ്ടെത്തുന്നത്. മകളുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നാണെന്ന് ആരോപിച്ച് അമ്മ യാസ്മിൻ തന്നെയാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. ഭർതൃവീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യാസ്മിന് റഹീസ് അഹമ്മദ് എന്നയാളുമായി വിവാഹേതര ബന്ധമുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഈ രഹസ്യം സബ്നൂർ അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബന്ധം പുറത്തുപറയുമെന്ന് സബ്നൂർ ഭീഷണിപ്പെടുത്തിയതോടെ, മകളെ ഇല്ലാതാക്കാൻ യാസ്മിനും കാമുകനും ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കനാലിൽ തള്ളുന്നതിന് മുൻപ് സബ്നൂർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ യാസ്മിൻ അഴിച്ചെടുത്തിരുന്നു. കൊള്ളക്കാർ കൊലപ്പെടുത്തിയതാണെന്ന് വരുത്തിതീർക്കാനായിരുന്നു ഈ നീക്കം. എന്നാൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. യാസ്മിൻ കൈക്കലാക്കിയ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതികളായ യാസ്മിനെയും റഹീസ് അഹമ്മദിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.