മലപ്പുറം വണ്ടൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം മുറിച്ചെടുത്ത മുഖംമൂടി സംഘത്തെ പിടിച്ചപ്പോൾ മുഖ്യപ്രതി സിപിഐ ബ്രാഞ്ച് സെക്രട്ടറി. നാട്ടിൽ നിറഞ്ഞു പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരൻ കവർച്ചാ കേസിൽ പൊലീസ് പിടിയിലായതിന്റെ അമ്പരപ്പിലാണ് നാട്ടുകാർ. അമ്പലപ്പടിയിലെ വീട്ടിലെത്തി കവർച്ച നടത്തിയ കേസിലാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ പടിഞ്ഞാറെ മണ്ടാവിൽ ജിജേഷ്, ഭാര്യസഹോദരങ്ങളായ നിധിൻ, നിഖിൽ എന്നിവർ അറസ്‌റ്റിലായത്.
സിപിഐ ബ്രാഞ്ച് സെക്രട്ടറിയും എഐവൈഎഫ് മണ്ഡലം സെക്രട്ടറിയുമായ ജിജേഷാണ് ആക്രമിച്ചുളള കവർച്ച ആസൂത്രണം ചെയ്തത്. ഭാര്യസഹോദരൻമാരായ നിധിനേയും നിഖിലിനേയും ഒപ്പം കൂട്ടി വണ്ടൂർ പുളിക്കലിലെ ബാറിൽ നിന്ന് പുറത്തിറങ്ങി പിൻവശത്തെ വയൽ വഴി ചന്ദ്രമതിയുടെ വീട്ടിലെത്തി മുഖംമൂടി അണിഞ്ഞ മൂവരും എത്തി ചന്ദ്രമതിയുടെ വീടിന്റെ പിൻവശത്തെ വാതിലിൽ മുട്ടി. കതകു തുറന്നയുടനെ കരാട്ടെ അധ്യാപകനായ ജിജേഷാണ് ബലപ്രയോഗത്തിലൂടെ കീഴ്പ്‌പെടുത്തിയത് നിധിൻ കൈകളിൽ അണിഞ്ഞ സ്വർണവളകൾ മുറിച്ചെടുത്തു.
പരിസരത്തെല്ലാം മുളകുപൊടി എറിഞ്ഞ ശേഷമാണ അക്രമിസംഘം രക്ഷപ്പെട്ടത്. ബാർ ഹോട്ടലിന്റെ സിസിടിവി കളിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രതികൾ പിടിയിലായതിന്റെ ആശ്വാസത്തിലാണ് ചന്ദ്രമതിയും നാട്ടുകാരും. നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. എബ്രഹാമിൻ്റെ നേതൃത്വത്തിൽ വണ്ടൂർ സി ഐ സംഗീത് പുനത്തിലും സംഘവും നടത്തി അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.