കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് 25 വയസ്സ്. ആലുവ മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്സ് ഉടമ അഗസ്റ്റിനെയും കുടുംബത്തെയുമാണ് അകന്ന ബന്ധുവായ ആന്‍റണി വെട്ടിക്കൊലപ്പെടുത്തിയത്. ആറുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ ലഭിച്ചെങ്കിലും സുപ്രീംകോടതി ജീവപര്യന്തമാക്കി. സംസ്ഥാനത്ത് സിബിഐ അന്വേഷിച്ച കേസുകളിൽ ആദ്യമായി വധശിക്ഷ ലഭിച്ച കേസാണ് ആലുവ കൂട്ടക്കൊല.
ആലുവ മാഞ്ഞൂരാന്‍ ഹാര്‍ഡ്‌വെയേഴ്‌സ് ഉടമ അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ജെസ്‌മോന്‍, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രമെടുത്തു നോക്കിയാൽ ഇത്രയേറെ ഭീകരമായ കൂട്ടക്കൊലപാതകം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുവും, ആലുവ നഗരസഭയില്‍ താത്കാലിക ഡ്രൈവറുമായിരുന്ന എം.എ.ആന്റണിയായിരുന്നു കേസിലെ ഏക പ്രതി. ആന്റണിക്ക് വിദേശത്തുപോകാന്‍ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. 2001 ജനുവരി ആറിന് വൈകിട്ട് 9 മണിക്ക് അഗസ്റ്റിന്റെ വീട്ടിലെത്തിയ ആന്റണി ആദ്യം കൊച്ചു റാണിയെയും ക്ലാരയേയുമാണ് കൊലപ്പെടുത്തിയത്. സിനിമയ്ക്ക് പോയി തിരിച്ചുവന്ന അഗസ്റ്റിനേയും ഭാര്യയെയും മക്കളെയും അതിനുശേഷം കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം നാടുവിട്ട ആന്‍റണിയെ ഒരു മാസത്തിനുശേഷമാണ് പൊലീസ് തന്ത്രപൂർവ്വം പിടികൂടിയത്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആന്റണി മാത്രമാണ് കൊലപാതകിയെന്ന് കണ്ടെത്തി. അഗസ്റ്റിന്റെ ഭാര്യ വീട്ടുകാരുടെ ഹർജിയിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. അവരുടെയും കണ്ടെത്തൽ പ്രതി ആന്‍റണി മാത്രമാണെന്നായിരുന്നു. വിചാരണക്കൊടുവിൽ, സിബിഐ കോടതി ആൻറണിക്ക് വധശിക്ഷ വിധിച്ചു
സിബിഐ കോടതി വിധി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു. പുനഃ ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് 25 വയസ്സ് പരിശോധന ഹർജി സുപ്രീംകോടതിയും, ദയാ ഹർജി രാഷ്ട്രപതിയും തള്ളി. വധശിക്ഷക്കെതിരായ പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഉത്തരവ് ആന്‍റണിക്ക് ഗുണമായി. 2018ൽ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. രണ്ടായിരത്തി ഇരുപത്തിരണ്ടിലാണ് പരോള്‍ ലഭിച്ച് ആന്‍റണി ആദ്യമായി പുറത്തിറങ്ങിയത്. നിലവിൽ പരോളിലുള്ള ആന്‍റണി ഈയാഴ്ച തിരുവനന്തപുരത്തെ തുറന്ന ജയിലിലേക്ക് തിരിച്ചുപോകും.