Image Credit:X/IANS
സ്വഭാവദൂഷ്യമെന്ന് ആരോപിച്ച് 12 വയസുള്ള മകനെ മാതാപിതാക്കള്‍ രണ്ടുമാസം ചങ്ങലയ്ക്കിട്ടു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. കുട്ടിയെ ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ട അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥരുമായെത്തി പൊലീസ് കുട്ടിയെ സ്വതന്ത്രനാക്കുകയായിരുന്നു.
കോണ്‍ക്രീറ്റ് തൂണിനോട് ചേര്‍ത്ത് കുട്ടിയെ നിര്‍ത്തിയ ശേഷം കൈയ്യും കാലും തൂണില്‍ ചേര്‍ത്ത് കെട്ടിയാണ് മാതാപിതാക്കള്‍ ശിക്ഷിച്ചത്. ദിവസവേതനക്കാരായ ഇരുവരും ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ പതിവായി കെട്ടിയിട്ട ശേഷം വീടിനുള്ളില്‍ പൂട്ടിയിടുമായിരുന്നു. ചങ്ങല ഉരഞ്ഞ് കൈകാലുകളില്‍ മുറിവും വ്രണവുമായിട്ടുണ്ട്. ഭയന്ന് വിറച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റി.
പറയുന്നതൊന്നും മകന്‍ അനുസരിക്കാറില്ലെന്നും പഠനത്തില്‍ ഉഴപ്പി, സ്കൂളില്‍ പോകുന്നത് നിര്‍ത്തിയെന്നുമാണ് മാതാപിതാക്കളുടെ വിശദീകരണം. വീട്ടില്‍ നിന്നിറങ്ങിപ്പോകുക, മറ്റുള്ളവരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുക, നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ വികൃതി കാണിക്കുക തുടങ്ങിയ പെരുമാറ്റ ദൂഷ്യങ്ങള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കെട്ടിയിടാന്‍ തീരുമാനിച്ചതെന്നും മാതാപിതാക്കള്‍ അധികൃതരോട് പറഞ്ഞു.
സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്തു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി വരികയാണ്. രണ്ടുവട്ടം പൊലീസില്‍ വിവരമറിയിച്ചിട്ടും ഇടപെടാന്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു. ഒടുവില്‍ ചൈല്‍ഡ് ലൈനില്‍ അയല്‍വാസികള്‍ വിളിച്ച് വിവരം അറിയിച്ചതോടെയാണ് നടപടിയുണ്ടായത്. ബാലാവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് കുട്ടി വിധേയനായെന്നും ശിശുക്ഷേമ സമിതി കണ്ടെത്തി.