പുതുവർഷ രാത്രിയിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. വയനാട് കുറുമ്പാലക്കോട്ട ഉന്നതിയിലെ കേശവൻ ആണ് മരിച്ചത്. ബന്ധുവായ പ്രതി ജ്യോതിഷിനെ കമ്പളക്കാട് പൊലീസ് അറസ്റ്റുചെയ്തു.
കമ്പളക്കാട് കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് സംഭവം. മദ്യപിക്കുന്നതിനിടെ കേശവനും ബന്ധുവായ ജ്യോതിഷും തമ്മിൽ തർക്കമുണ്ടായി. കേശവന്‍റെ സഹോദരിയുടെ മകളുടെ ഭർത്താവാണ് ജ്യോതിഷ്. അടിപിടിക്കിടെ പട്ടിക ഉപയോഗിച്ച് പല പ്രാവശ്യം ജ്യോതിഷ് കേശവന്‍റെ തലയ്ക്ക് അടിച്ചു. മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിക്കുമ്പോഴേക്കും കേശവൻ മരിച്ചിരുന്നു. കേശവനുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
തന്‍റെ അമ്മയുടെ സ്ഥലം കേശവൻ കൈവശപ്പെടുത്തി വീട് വച്ചതാണ് കാരണം. മദ്യലഹരിക്ക് ഒപ്പം ആക്രമണത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോ എന്നും കമ്പളക്കാട് പൊലീസ് അന്വേഷിച്ച് വരികയാണ്.