ഇടുക്കി അടിമാലിയിൽ പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയയാളെ എസ്എച്ച്ഒ മർദിച്ചതായി പരാതി. മർദനത്തിൽ അടിമാലി സ്വദേശി പി.ആർ.അനിൽകുമാറിന് പരുക്കേറ്റു. പരാതിയിൽ ഇടുക്കി ഡിവൈഎസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.
കല്ലാർകുട്ടിയിൽ വച്ച് ഇന്ന് രാവിലെ അനിൽകുമാറിന്റെ ബന്ധുവിന്റെ വാഹനം മറ്റൊരു വാഹനവുമായി തട്ടിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാൻ രണ്ടു ഭാഗത്തെ ആളുകളെയും അടിമാലി പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. തർക്ക പരിഹാര ചർച്ച നടക്കുന്നതിനിടെ സി ഐ ലൈജു വേലപ്പൻ മഫ്തിയിൽ എത്തിയെന്നും യാതൊരു പ്രകോപനവുമില്ലാതെ മർദിച്ചെന്നുമാണ് അനിൽകുമാറിന്റെ പരാതി.
പരുക്കേറ്റ അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റേഷനിലെ സിസിടിവി പരിശോധിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അനിൽകുമാർ പറഞ്ഞു.