മലപ്പുറത്ത് മുഖംമൂടി ധരിച്ചെത്തിയ സംഘം വീട് കയറി ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയ സംഘം മതില്‍ചാടിയാണ് വീട്ടിലേക്ക് എത്തിയത്. ആക്രമണത്തില്‍ പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിനും ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും പരുക്കേറ്റു. ഇതില്‍ പതിനൊന്നുകാരിക്കേറ്റ പരുക്ക് ഗുരുതരമാണ്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഞ്ച് പേരടങ്ങിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറിയത്. അപ്രതീക്ഷിതമായി എത്തിയ സംഘം കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ അകത്ത് കയറി സംഘം പരിശോധനയും നടത്തി. വീട്ടില്‍ നോട്ടുകെട്ടുകൾ ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പരിശോധന. എന്നാൽ അത്തരത്തിലുള്ള ഒരു പണവും വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീട്ടിലുണ്ടായിരുന്ന കുട്ടികളിൽ ഒരാൾ പുറത്തേക്ക് ഓടി നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാർ വീട്ടിലേക്ക് ഓടിക്കയറിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിൽ നാലുപേർ കാറിൽ കയറി രക്ഷപ്പെട്ടു. കൂട്ടത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ബേപ്പൂർ സ്വദേശിയായ അനീസ് ആണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. അനീസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഈ കുടുംബവുമായി ബന്ധപ്പെട്ട് സംഘത്തിന് മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.