മാനസിക വെല്ലുവിളികള്‍ നേരിടുന്ന പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അയല്‍വാസിക്ക് ജീവപര്യന്തം തടവുശിക്ഷ. ആഗ്രയില്‍ 2024 ജനുവരി 19നാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുഞ്ഞിനെ പുലര്‍ച്ചെ കാണാതാവുകയായിരുന്നു. തിരഞ്ഞിറങ്ങിയ വീട്ടുകാര്‍ ശരീരമാസകലം മുറിവേറ്റ് രക്തം വാര്‍ന്നൊലിക്കുന്ന മകളെ രാവിലെ 3.45 ഓടെയാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ മകളുമായി മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ ബലാല്‍സംഗത്തിനിരയായതായി തെളിഞ്ഞു.
പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. ഇതില്‍ നിന്നും പെണ്‍കുട്ടിയെ അയല്‍വാസി എടുത്തുകൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തി. ക്രൂരമായി പീഡിപ്പിച്ച ശേഷം സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമം നടക്കുമ്പോള്‍ അഞ്ചാം ക്ലാസിലാണ് പെണ്‍കുട്ടി പഠിച്ചുകൊണ്ടിരുന്നത്. സംഭവം നടന്ന് മൂന്നാം ദിവസം പ്രതിയെ പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെ അറസ്റ്റും രേഖപ്പെടുത്തി. അന്നുമുതല്‍ പ്രതി ജയിലിലാണ്. കലാപശ്രമം ഉള്‍പ്പടെ ആറോളം ക്രിമിനല്‍ കേസുകള്‍ പ്രതിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, അതും മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയോട് അതിക്രൂരമായാണ് യുവാവ് പെരുമാറിയതെന്നും നിയമത്തിന് നല്‍കാന്‍ സാധിക്കുന്ന പരമാവധി ശിക്ഷ തന്നെ കോടതി വിധിക്കുകയാണെന്നും പോക്സോ കോടതി ജഡ്ജി ബ്രിജേഷ് കുമാര്‍ പറഞ്ഞു. തടവുശിക്ഷയ്ക്ക് പുറമെ 1.1 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക മുഴുവനായും പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു. പണം പ്രതി നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.