AI Image
വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി നോട്ടിസയച്ച ഭാര്യയെ യുവാവ് വെടിവച്ച് കൊന്നു. ബെംഗളൂരുവിലാണ് സംഭവം. യൂണിയന്‍ ബാങ്കിലെ അസിസ്റ്റന്‍റ് മാനേജരായ ഭുവനേശ്വരി (39)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലമുരുഗ(40)നെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018 ല്‍ ബാലമുരുഗന്‍ സ്വകാര്യ സോഫ്റ്റ്വെയര് കമ്പനിയില്‍ ജോയിന്‍ ചെയ്തതോടെ കുടുംബത്തോടെ ബെംഗളൂരുവിലേക്ക് മാറി. സോഫ്റ്റ്വെയര് എന്‍ജിനീയറായ ബാലമുരുഗന്‍ കഴിഞ്ഞ നാലുവര്‍ഷമായി തൊഴില്‍രഹിതനാണ്. ഇരുവര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ ഒന്നര വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കുട്ടികളുമായി ഭുവനേശ്വരി രാജാജിനഗറിലാണ് കഴിഞ്ഞിരുന്നത്.
ഭുവനേശ്വരിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് വഴക്ക് രൂക്ഷമായതോടെയാണ് മാറിത്താമസിച്ചത്. ഒരാഴ്ച മുന്‍പ് ഭുവനേശ്വരി ബാലമുരുഗന് വിവാഹബന്ധം വേര്‍പെടുത്തുന്നതിനുള്ള നോട്ടിസ് അയച്ചു. നോട്ടിസ് കൈപ്പറ്റിയ ബാലമുരുഗന്‍ ചൊവ്വാഴ്ച ഭുവനേശ്വരി ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്നത് വരെ കാത്തുനിന്നു. ആറരയോടെ വീടിന് സമീപത്തേക്ക് എത്തിയപ്പോള്‍ നാലുറൗണ്ട് വെടിയുതിര്‍ത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഭുവനേശ്വരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാലമുരുഗന് തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.