പാലക്കാട് വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരേയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അതേസമയം റാംനാരായണന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. മർദനമേൽക്കുന്നതിന്റെ ആറു ദിവസം മുമ്പാണ് 41 കാരൻ റാംനാരായണൻ പാലക്കാട്ടെത്തിയത്. ആൾകൂട്ടത്തിന്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട റാമും കുടുംബവും ആറു ദിവസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. നടപടി പൂർത്തിയാക്കി 11.30 യോടെ നെടുമ്പാശ്ശേരിയിൽ വഴി കൊണ്ടുപോയി.
കടുത്ത കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം എത്ര നൽകുമെന്നതിൽ ധാരണയായിട്ടില്ല. ധനസഹായം നൽകുമെന്ന മന്ത്രി കെ രാജന്റെ ഉറപ്പിലാണ് മൃതദേഹം കൊണ്ടുപോകാൻ കുടുംബം സമ്മതമറിയിച്ചത്. കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചതാണ് നിലവിൽ ആശ്വാസം.
അതിനിടെ ആക്രമണത്തിൽ നേരിട്ട് പങ്കാളികളായ എന്ന് കരുതുന്ന രണ്ടുപേരെ കൂടി അന്വേഷണസംഘം രാവിലെ കസ്റ്റഡിയിലെടുത്തു. വിനോദും ജഗദീഷും. കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 7 ആയി. ബാക്കിയുള്ള 8 പേർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. എസ്.ഐ.ടി സംഘം അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൂടുതൽ പേരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ മൊബൈൽ ദൃശ്യങ്ങൾ ശേഖരിക്കാനും പ്രതികളെ കണ്ടെത്തുന്നതിനും പൊലീസിനു തുടക്കത്തിൽ വീഴ്ച ഉണ്ടായിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ദലിത് വിഭാഗത്തിൽ പെട്ട ആളായിട്ടും പൊലീസ് SC- ST വകുപ്പും ആൾക്കൂട്ട കൊലപാതക വകുപ്പും ഉൾപെടുത്താതിലും പരാതിയുണ്ട്.