Image Credit:X
ബെംഗളൂരുവില്‍ വസ്തു വാങ്ങാമെന്ന് പറഞ്ഞ് ഭാര്യയെ സ്ഥലം കാണിക്കാന്‍ കൂട്ടിക്കൊണ്ടു പോയശേഷം തലയ്ക്ക് അടിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അനന്തെന്ന 64കാരനാണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു നാടകീയമായ കൊലപാതകം. മിത്തങ്കനഹള്ളിയിലെ ഒരു വസ്തു വാങ്ങുന്നതിന് മുന്‍പായി ഭാര്യ ഗായത്രി കണ്ടിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചാണ് അനന്ത് കൂട്ടിക്കൊണ്ടുപോയത്. സ്ഥലം കൊണ്ട് നടന്ന് കാണിക്കുന്നതിനിടെ സമീപത്ത് കിടന്ന കല്ലെടുത്ത് ഗായത്രിയുടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. തലയ്ക്ക് ശക്തമായ അടിയേറ്റതോടെ തല്‍ക്ഷണം ഗായത്രി മരിച്ചു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച അനന്ത്, വാഹനാപകടത്തില്‍ പരുക്കേറ്റതാണെന്നാണ് പറഞ്ഞത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഗായത്രിയുടെ ജീവന്‍ നഷ്ടമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. അനന്തിന്‍റെ മൊഴികളിലും വാഹനാപകടത്തിലേറ്റെന്ന് പറയപ്പെടുന്ന പരുക്കിലും അസ്വാഭാവികത തോന്നി. തുടര്‍ന്ന് വിശദമായി അന്വേഷിക്കുകയായിരുന്നു.
അതേസമയം, എന്തിനാണ് ഗായത്രിയെ അനന്ത് കൊന്നതെന്ന് വെളിവായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഗായത്രിയുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിനായിട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിലും അന്വേഷണം നടക്കുകയാണ്.