അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡി.ഐ.ജി എം.കെ.വിനോദ്കുമാറിന് സസ്പെന്ഷന്. തടവുകാരില്‍നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍. സസ്പെന്ഷന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. എം.കെ.വിനോദ്കുമാര്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥനെന്നും സി.പി.എമ്മിന്റെ പിന്തുണയുള്ളയാളെന്നുമാണ് അറിയപ്പെട്ടിരുന്നത്. ഈ പിന്തുണയുടെ മറപിടിച്ചാണ് കൈക്കൂലി ഇടപാടും ക്രിമിനലുകള്‍ക്ക് ലഹരി നല്കല് വരെയുള്ള വഴിവിട്ട ഇടപാടുകളും ചെയ്തതെന്നാണ് തെളിവുകള്‍.
ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജിക്ക് മറ്റ് ജയിലുകള്‍ സന്ദര്‍ശിക്കാനോ പരിശോധിക്കാനോ അധികാരമില്ല. പക്ഷെ വിനോദ് 2022ല്‍ മൂവാറ്റുപുഴ, പൊന്‍കുന്നം, കോട്ടയം സബ് ജയിലുകളില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ സന്ദര്‍ശിച്ചു. പലതും രാത്രികളിലായിരുന്നു. പരിശോധന നടത്താനുള്ള സമയമൊന്നും ഒരു സന്ദര്ശനത്തിനുമില്ല. ജയിലിലെത്തും ചില തടവുകാരെ കാണും അരമണിക്കൂര്‍ കൊണ്ട് തിരികെ പോകും. ഇതായിരുന്നു പതിവ്. ഈ നടപടി ചട്ടലംഘനവും സംശയാസ്പദവുമാണെന്ന് അന്ന് തന്നെ മറ്റ് ഡി.ഐ.ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്ന് തവണ വിനോദിന്റെ വഴിവിട്ട ഇടപാട് ചൂണ്ടിക്കാണിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ സന്ദര്‍ശനങ്ങളെല്ലാം തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങാനുള്ള യാത്രയായിരുന്നൂവെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. ഇതൂകൂടാതെ സെല്ലിനുള്ളില്‍ ലഹരി ഉപയോഗിക്കാനുള്ള അനുമതി നല്‍കാമെന്ന പേരിലും വിനോദ്കുമാര്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍.
2020ല്‍ വിനോദ് കുമാര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായിരിക്കേ ജയിലില്‍ ഔഷധ സസ്യകൃഷി നടത്തി കള്ളക്കണക്കുണ്ടാക്കി 2,31,000 രൂപ അടിച്ചുമാറ്റിയെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കര്‍ശന നടപടിയെടുക്കണമെന്നും തട്ടിയെടുത്ത പണം പലിശ സഹിതം തിരികെ പിടിക്കണമെന്നും കാണിച്ച് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതി ശരിവെച്ചെങ്കിലും നടപടി ആറ് മാസത്തെ ശമ്പള വര്‍ധന തടയലില്‍ ഒതുക്കി. മാത്രമല്ല ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.