ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നഗരസഭ കൗൺസിലർ ഇന്ന് നിക്ഷേപ തട്ടിപ്പിൽ പിടിയിൽ. കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച നുജുമുദ്ദീൻ ആലുംമൂട്ടിലാണ് അറസ്റ്റിലായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു ഇയാൾ.
ചാരുംമൂട്ടിലും കായംകുളത്തുമായി നുജുമുദ്ദീന്‍ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. നഷ്ടത്തിലായതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങളും അടച്ചുപൂട്ടുകയായിരുന്നു. എന്നാൽ തുടര്‍ന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നജുമുദ്ദീൻ ആലുംമൂട്ടില്‍ തയ്യാറായില്ല.
നുജുമുദ്ദീനെതിരെ നിരവധി നിക്ഷേപകർ പരാതി നൽകിയിരുന്നു. ഇതുവരെ കേസെടുത്ത പരാതികൾ അനുസരിച്ച് 14 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് നിഗമനം. മുഴുവൻ പരാതികളും പരിശോധിച്ച ശേഷമേ അന്തിമ കണക്ക് പറയാനാകൂ എന്ന് നൂറനാട് പൊലീസ് അറിയിച്ചു.