ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു. തെലങ്കാനയിലെ വികാറാബാദ് സ്വദേശിനിയായ അനുഷയെയാണ് ഭർത്താവ് പ്രമേഷ് കുമാർ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് പ്രമേഷ് അനുഷയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.
എട്ടുമാസം മുൻപാണ് അനുഷയും പ്രമേഷ്‌കുമാറും പ്രണയിച്ച് വിവാഹിതരായത്. എന്നാൽ, വിവാഹശേഷം ഇരുവരും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലി തർക്കം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. രണ്ടുദിവസം മുമ്പ് തർക്കത്തെത്തുടർന്ന് അനുഷ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ, പ്രമേഷ് കുമാർ അനുഷയുടെ വീട്ടിലെത്തി സംസാരിച്ചു. ഇനി വഴക്കുണ്ടാകില്ലെന്ന് ഉറപ്പുനൽകി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. പക്ഷേ, വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. തുടർന്നാണ് പ്രതി ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയത്
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പ്രമേഷ് കുമാർ ഭാര്യയെ മുഖത്തടിക്കുകയും വയറ്റിൽ ചവിട്ടുന്നതും കാണാം. പിന്നാലെ ഒരു തടിക്കഷണം ഉപയോഗിച്ച് തലയിൽ നിരന്തരം അടിച്ചു. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു