തൃശൂർ ചാലക്കുടിയിൽ രാത്രിയാത്ര ചെയ്ത വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ നടപടി. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. ഇന്നലെ രാത്രിയിലാണ് രണ്ട് പെൺകുട്ടികൾക്ക് ദുരനുഭവം നേരിട്ടത്.

പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ്. നായർക്കും, പത്തനംതിട്ട സ്വദേശി ആൽഫ പി. ജോർജിനുമാണ് ഇന്നലെ രാത്രി ഒമ്പതരയോടെ ദുരനുഭവം ഉണ്ടായത്. പഠനാവശ്യം കഴിഞ്ഞ് അങ്കമാലിയിൽ നിന്ന് തൃശൂരിലേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണ് ഇരുവരും കയറിയത്. ഇവർക്ക് ഇറങ്ങേണ്ടിയിരുന്നത് കൊരട്ടിക്കടുത്തുള്ള പൊങ്ങത്തായിരുന്നു. കണ്ടക്ടറോട് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. സഹയാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടും ബസ് നിർത്താതായതോടെ വിദ്യാർഥിനികൾ കൊരട്ടി പൊലീസിൽ വിവരം അറിയിച്ചു.

ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചെങ്കിലും, അവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് കുട്ടികൾ പറഞ്ഞു. ഒടുവിൽ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് വിദ്യാർഥിനികളെ ഇറക്കിയത്. വിദ്യാർഥികളെ സുരക്ഷിതമായി സ്ഥലത്ത് എത്തിക്കാൻ പൊലീസ് സന്നദ്ധരായെങ്കിലും കോളജ് അധികൃതർ എത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോയി.

രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന ഉത്തരവ് നിലനിൽക്കെ, കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്നാണ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കിയത്. ഇത്തരം പ്രവർത്തികൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

ENGLISH SUMMARY:

Kerala bus incident highlights a KSRTC conductor's negligence in Chalakudy. The conductor was removed from service after failing to stop at the requested stop for female students, leading to an inquiry and strict actions from the transport commissioner.