കുളിമുറിയില്‍ വീണുമരിച്ചെന്ന് കോളജ് അധികൃതര്‍ പറഞ്ഞ വിദ്യാര്‍ഥിയെ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഭുവനേശ്വരിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (KISS) കഴിഞ്ഞ ആഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ 14 വയസ്സുകാരൻ സിബ മുണ്ട സഹപാഠികളുടെ മര്‍ദനത്തില്‍ കൊലപ്പെട്ടതാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
ഡിസംബര്‍ 11നാണ് വിദ്യാര്‍ഥിയുടെ വീട്ടുകാരെ അധികൃതര്‍ വിവരമറിയിച്ചത്. കുട്ടി ശുചിമുറിയില്‍ തെന്നിവീണെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഭുവനേശ്വറിലെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നാലെ കിയോഞ്ജർ കളക്ടറേറ്റിന് പുറത്ത് മൃതദേഹവുമായി കുടുംബം പ്രതിഷേധിച്ചു. റസിഡൻഷ്യൽ സ്കൂളിലെ അധികൃതര്‍ വസ്തുതകൾ മറച്ചുവച്ചതായും മെഡിക്കൽ രേഖകൾ നൽകുന്നില്ലെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ കുടുംബം പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നത്.
പരിപ്പുകറി മറിഞ്ഞുവീണതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്. സിബ മുണ്ടയെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ശുചിമുറിയില്‍ വച്ച് ആക്രമിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇതോടെ കുട്ടി ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് മരണമടഞ്ഞു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ ഖുർദ ജില്ലയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം കറക്ഷന്‍ ഹോമിലേക്ക് അയച്ചു.
കുറ്റകൃത്യം മറയ്ക്കാന്‍ പ്രായപൂർത്തിയാകാത്ത സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെളിവുകൾ മറച്ചുവെച്ചതിനും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അഡീഷണൽ സിഇഒ പ്രമോദ് പത്ര ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെയും അധ്യാപകരെയും അറസ്റ്റ് ചെയ്തതായി ഭുവനേശ്വർ പോലീസ് കമ്മീഷണർ സുരേഷ് ദേവദത്ത് സിങ് അറിയിച്ചു.