കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി. 35 വയസ് പ്രായം തോന്നിയ്ക്കുന്ന യുവാവിനെ മംഗളൂരു ഭാഗത്തേക്ക് കൊണ്ടുപോയതായാണ് സൂചന. ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ള കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഇന്നുച്ചയ്ക്കാണ് സംഭവം. നഗരത്തിലെ ഉഡുപ്പി ഹോട്ടലിന് മുന്നില്‍ നിന്നാണ് യുവാവിനെ ഒരു സംഘം കാറിലേക്ക് ബലമായി പിടിച്ചുകയറ്റിയത്. യുവാവ് മാസ്കും കൂളിങ് ഗ്ലാസും ധരിച്ചിരുന്നു. നാലുപേരുണ്ടായിരുന്നു സംഘത്തില്‍. AP 40 EU 1277 സ്കോര്‍പിയോ കാറിലാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഇത് വ്യാജ നമ്പറാണെന്ന് സംശയിക്കുന്നുണ്ട് പൊലീസ്. ആളുകളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം നേരിട്ട് കണ്ടത്.
കുമ്പള ടോള്‍ പ്ലാസ കടന്ന് വാഹനം മംഗളൂരു ഭാഗത്തേക്ക് പോയതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ വിവരമില്ല, ടോള്‍ പ്ലാസ കടന്ന് ഇന്നലെയും ഈ കാര്‍ കാസര്‍കോട്ടെത്തിയതായി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കള്ളക്കടത്ത് സംഘങ്ങള്‍ മുമ്പും പലരെയും തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ അതാണ് പൊലീസ് സംശയിക്കുന്നത്.