ബുർഖ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയായ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് ഫാറൂഖിന്‍റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുർഖ അവർ ധരിച്ചിരുന്നില്ല. ഇതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്.
താഹിറ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാറൂഖ് ഇതിനെച്ചൊല്ലി കലഹമുണ്ടാക്കിയതായി പറയുന്നു. തുടർന്നായിരുന്നു കൂട്ടക്കൊലപാതകം. താഹിറയെയും മക്കളായ ആഫ്രീനെയും സെഹ്‌റിനെയും അഞ്ച് ദിവസമായി കാണാനില്ലായിരുന്നു. ഫറൂഖിന്‍റെ പിതാവാണ് പരാതി നല്‍കിയത്. ഭാര്യ താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവെച്ച് കൊന്നതായും ഇളയ മകൾ സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാൾ വെളിപ്പെടുത്തി. കക്കൂസ് നിർമ്മാണത്തിനായി നേരത്തെ കുഴിച്ച കുഴിയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്.