മാളിക്കടവ് മോരിക്കരയില്‍ കൊല്ലപ്പെട്ട യുവതി മരണശേഷം മൂന്നുതവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇൻഡസ്ട്രിയൽ വർക്‌ഷോപ്പിൽ കഴിഞ്ഞ മാസം 24നാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്‌ഷോപ്പില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. യുവതിയെ ഭീഷണിപ്പെടുത്തിയാണ് വര്‍ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് പറയുന്നു.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളില്‍ യുവതിയെ കൊലപ്പെടുത്താനായി വൈശാഖന്‍ നടത്തിയ ആസൂത്രണങ്ങളാണ് വ്യക്തമാകുന്നത്. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. തൂക്കിക്കൊന്ന ശേഷം ആ അവസ്ഥയില്‍ പീഡിപ്പിച്ചു, പിന്നീട് കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായെന്ന് പൊലീസ് പറയുന്നു.
യുവതിയുമായി പത്തുവര്‍ഷത്തോളം ബന്ധം പുലര്‍ത്തിയിരുന്ന വൈശാഖന്റെ പുതിയ കാമുകിയെക്കുറിച്ചുള്ള വിവരം ഈ യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മറ്റു പെൺകുട്ടികളുടെയും ജീവിതം തകരാതിരിക്കാൻ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുൻപ് വൈശാഖനോട് പറഞ്ഞിരുന്നു. എന്നാല്‍ യുവതിയെ മയപ്പെടുത്താനായി പണവും ജോലിയും നല്‍കി. പിന്നീട് ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സിനു ചേര്‍ന്ന യുവതി ഇയാളില്‍ നിന്നും അകലം പാലിച്ചു. യുവതിയെ വശീകരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഭിചാര ക്രിയകൾ ഉൾപ്പെടെ ചെയ്തെങ്കിലും കാര്യമുണ്ടായില്ല.
ഇതിനിടെ ഇരുവരും കൗണ്‍സലിങ് സെന്ററിലെത്തി കൗണ്‍സലറുമായി സംസാരിച്ചെങ്കിലും താന്‍ വൈശാഖന്റെ ഭാര്യയല്ലെന്ന് യുവതി തുറന്നുപറഞ്ഞു. ഇനി ബന്ധം തുടരാനില്ലെന്നും യുവതി വൈശാഖനോട് തറപ്പിച്ചു പറഞ്ഞു. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത്തരം ഒരു ഗതികേട് മറ്റു പെൺകുട്ടികൾക്കു വരാൻ പാടില്ലെന്നും അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്നും യുവതി കൗണ്‍സലര്‍ക്ക് സന്ദേശവുമയച്ചു. പിന്നാലെ മൂന്നുമണിക്കൂറിനുള്ളിലാണ് യുവതി കൊല്ലപ്പെട്ടത്.
പ്രതി വൈശാഖനെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഹരീഷ്, സഹദ്, ബിജു എന്നിവർ രണ്ടു ദിവസമായി ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. പൊലീസ് ക്രൈം ഫയലുകളിൽ 25 വർഷത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ച രണ്ടാമത്തെ സംഭവമാണു മോരിക്കരയിലേത്. ചങ്ങനാശ്ശേരി കുറുമ്പനാട് മൃതദേഹത്തെ പീഡിപ്പിച്ച സംഭവമാണ് 25 വർഷം മുൻപ് നടന്നത്.