pocso-kasargod

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പത്താംക്ലാസുകാരന്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിക്ക് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിലായി. ആറുമാസം മുന്‍പ് ഒരു വിവാഹ ചടങ്ങിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പെട്ടെന്ന് തന്നെ ഇരുവരും അടുത്തു. ഇവിടെവച്ച് പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങളും വിഡിയോകളും പ്രതി പകര്‍ത്തി. പിന്നീട് ഇരുവരും ദിവസവും ഫോണില്‍ സംസാരിക്കാനും വിഡിയോ കോള്‍ ചെയ്യാനും തുടങ്ങി.

അടുപ്പം വളര്‍ന്നതോടെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കാണിച്ച് പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ നിർബന്ധിച്ചു. ഭീഷണി ഭയന്ന് 1.5 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് പെണ്‍കുട്ടി പ്രതിക്ക് കൈമാറിയത്. 

ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്താവുന്നത്. തുടർന്ന് കേസ് റജിസ്റ്റർ ചെയ്യുകയും പത്താം ക്ലാസുകാരനായ വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അറിയിച്ചു. കുട്ടികളുടെ മൊബൈൽ ഉപയോഗവും സുഹൃത്ത്​വലയവും നിരീക്ഷിക്കണമെന്നും പൊലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

A class 10 student threatened a girl by showing her private videos. The incident took place in Firozabad, Uttar Pradesh. The class 10 student was taken into police custody following a complaint from the girl's family.