election-theft

കൊച്ചി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ സ്ഥാനാര്‍ഥികളുടെ ഫ്ലക്സ് മോഷണവും പോസ്റ്റര്‍ നശിപ്പിക്കലും വ്യാപകം. ഗിരിനഗര്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ സ്വതന്ത്രസ്ഥാനാര്‍ഥിയുടെ കൂട്ടാളികള്‍ മോഷ്ടിച്ചതായി പരാതി. ബോര്‍ഡുകള്‍ അഴിച്ച് കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി. 

രാത്രികാലങ്ങളില്‍ സ്വന്തം പോസ്റ്ററുകള്‍ക്കും ഫ്ലക്സിനും കാവലിരിക്കേണ്ട ഗതികേടിലാണ് പല സ്ഥാനാര്‍ഥികളും. ഇത് കൊച്ചി കോര്‍പ്പറേഷന്‍ ഗിരിനഗര്‍ ഡിവിഷനില്‍ നിന്നുള്ള രാത്രിക്കാഴ്ച. ഇരുട്ടിന്‍റെ മറവില്‍ ആദ്യം ഒരാളെത്തുന്നു തെങ്ങിലിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പി.ഡി. മാര്‍ട്ടിന്‍റെ ഫ്ലക്സ് ബോര്‍ഡ് അഴിക്കുന്നു. തൊട്ടുപിന്നാലെ ഒരു പെട്ടി ഓട്ടോറിക്ഷയും മറ്റ് രണ്ട് പേരും കൂട്ടിനെത്തി. മാര്‍ട്ടിന്‍റെ ഫ്ലക്സ് അഴിച്ചുമാറ്റി പകരം മറ്റൊരു സ്ഥാനാര്‍ഥിയുടെ ഫ്ലക്സ് സ്ഥാപിച്ചു. ഇവിടംകൊണ്ട് തീര്‍ന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഫ്ലക്സും കൊണ്ടാണ് ടീം പോയത്.

പല സ്ഥലങ്ങളില്‍ നിന്നും സമാനമായി ഫ്ലക്സുകള്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. മോഷണം തന്‍റെ അറിവോടെയല്ലെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി മാലിനി എസ് കുറുപ്പ്. തന്‍റെ പോസ്റ്ററുകളും ആരോ പതിവായി കീറുന്നുവെന്നും മാലിനിക്ക് പരാതിയുണ്ട്. മാര്‍ട്ടിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കള്‍ ഉടന്‍ കുടുങ്ങുമെന്ന് പ്രതീക്ഷിക്കാം.

ENGLISH SUMMARY:

Kochi Corporation election campaigns are intensifying with reports of flex board theft and poster vandalism. This illegal activity is creating challenges for candidates in the Girinagar division.