ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹവുമായി സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസിട്ട് ഭര്‍ത്താവ്. ഞായറാഴ്ച തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെൽവേലി സ്വദേശിനിയെയാണ് ക്രൂരമായിവെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ഭർത്താവ് ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹോസ്റ്റലിൽ ശ്രീപ്രിയയെ കാണാനായാണ് ബാലമുരുകന്‍ എത്തിയത്. എന്നാൽ വസ്ത്രത്തിൽ ആരുമറിയാതെ അരിവാൾ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു ഇയാള്‍. കണ്ടുമുട്ടിയ ഉടൻ തന്നെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടര്‍ന്ന് ബാലമുരുകൻ അരിവാളെടുത്ത് ശ്രീപ്രിയയെ വെട്ടുകയായിരുന്നു. മാത്രമല്ല മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് അത് തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വഞ്ചനയ്ക്കുള്ള മറുപടി മരണമാണെന്ന് കുറിച്ചാണ് ബാലമുരുകന്‍ ചിത്രം സ്റ്റാറ്റസാക്കിയത്.
ആക്രമണമുണ്ടായതോടെ ഹോസ്റ്റലിലെ താമസക്കാരും ഭയന്ന് പുറത്തേക്കോടി. എന്നിരുന്നാലും, ബാലമുരുകൻ സംഭവസ്ഥലത്ത് തന്നെ തുടരുകയും പൊലീസ് എത്തുന്നതുവരെ കാത്തിരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആയുധം കണ്ടെടുക്കുകയും ചെയ്തു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിനാലാണ് കൊലപാതകം എന്നാണ് പൊലീസ് അനുമാനിക്കുന്നത്. അവൾ തന്നെ ഒറ്റിക്കൊടുത്തു എന്ന് ബാലമുരുകന്‍ അവകാശപ്പെട്ടതായും പൊലീസ് പറഞ്ഞു.