കോഴിക്കോട് താമരശേരിയിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് പട്ടാപ്പകല്‍ നിര്‍മാണ സാമഗ്രഹികള്‍ മോഷണം പോയി. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല.
കെട്ടിടത്തിന് മുകള്‍ നിലയിലേക്ക് ലാഘവത്തോടെ കയറി വന്ന മോഷ്ട്ടാവ് കൈയില്‍ കരുതിയ സഞ്ചി പുറത്തെടുത്ത് ഇലക്ട്രിക് വയറുകളും കമ്പികളും ശേഖരിക്കുന്നതാണ് ഈ കാണുന്നത്. ഏറെനേരം ചിലവിട്ട് വളരെ പതുക്കെ സാധനങ്ങളെല്ലാം എടുത്ത ശേഷമാണ് കള്ളന്‍ മടങ്ങിയത് . ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കാരാടി മാനിപുരം റോഡിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ മോഷണം നടന്നത്. ഇന്ന് രാവിലെ കെട്ടിട ഉടമ സ്ഥലത്തെത്തിയപ്പോഴാണ് മോഷണം നടന്നതായി സംശയം ഉയര്‍ന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ വ്യക്തം. കെട്ടിട ഉടമയായ താമരശേരി സ്വദേശി മംഗലത്ത് സാബുവിന്‍റെ പരാതിയില്‍ താമരശേരി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. താമരശേരി ഭാഗത്ത് നിര്‍മാണത്തിലിരുന്ന നിരവധി കെട്ടിടങ്ങളില്‍ മുമ്പും സമാനരീതിയില്‍ മോഷണം നടന്നിരുന്നു.