എറണാകുളം ജില്ലാ കോടതിയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. തുടർച്ചയായി പ്ലമിങ് സാമഗ്രികൾ മോഷണം നടത്തിയ കൊല്ലം സ്വദേശി ഷാജിയാണ് ഇന്ന് വീണ്ടും മോഷണത്തിന് എത്തിയപ്പോള്‍ പിടിയിലായത്. കഴിഞ്ഞ രണ്ട് ആഴ്ചയായി കോടതി സമുച്ചയത്തിലെ ശുചിമുറികളിൽ നിന്ന് പൈപ്പുകളും മറ്റു പ്ലമിങ് സാമഗ്രികളും മോഷണം പോവാറുണ്ടായിരുന്നു. പ്രധാനമായും ചൊവ്വാഴ്ചകളിലായിരുന്നു മോഷണം നടത്തിയിരുന്നത്. പൈപ്പുകൾ പൂർണമായും അടച്ച് വെള്ളം വരാത്ത രീതിയിൽ ആക്കിയതിനു ശേഷമാണ് മോഷണം നടത്തിയിരുന്നത്. ഇതിനാല്‍ പല ശുചിമുറികളിലും വെള്ളം വരാത്ത അവസ്ഥയായി.
സെൻട്രൽ പൊലീസ് നൽകിയ പരാതിക്ക് പിന്നാലെ മോഷ്ടാവിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സെൻട്രൽ പോലീസിലെ തന്നെ ഉദ്യോഗസ്ഥർ മഫ്തിയിൽ സ്ഥലത്ത് നിരീക്ഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ചൊവ്വാഴ്ച മോഷ്ടാവിനായി കാത്തിരുന്നെങ്കിലും നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളടക്കം കോടതി പരിസരത്തുണ്ടായിരുന്നതിനാല്‍ മോഷ്ടാവ് തിരിച്ചുപോയതായാണ് സൂചന. എന്നാല്‍ പൊലീസ് വിരിച്ച വലയിലേക്ക് തന്നെ ഷാജി വീണു. ഇന്നും മോഷണത്തിനെത്തി. ശുചിമുറിയിലെ പൈപ്പ് മോഷ്ടിച്ച് അരയിൽ തിരുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മഫ്തിയിൽ ഉണ്ടായിരുന്ന പോലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു.
മുന്‍പും ഇത്തരത്തില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നടക്കം മോഷണം നടത്തിയിട്ടുണ്ട്. മൊബൈലുകൾ കവരുന്ന കേസുകളുണ്ട്. കൂടാതെ മറ്റു സ്റ്റേഷനുകളിലും സമാനമായി മോഷണം പ്രതി നടത്തിയിട്ടുണ്ട്.