ഇടുക്കി നെടുങ്കണ്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനായി തയറാക്കിയ ചാരായവും കോടയുമായി ഒരാൾ പിടിയിൽ. അഞ്ച് ലിറ്റർ ചാരായവും 25 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി, പൊന്നാമല കാരിമലയിൽ ബിജു കുര്യനാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പൊന്നാമല മേഖലയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സജീവ പ്രചാരകനാണ് പിടിയിലായ ബിജു കുര്യൻ. പകൽ പ്രചാരണവും രാത്രിയിൽ വ്യാജ വാറ്റും നടത്തിവരികയായിരുന്നു. ഇടുക്കി എക്സൈസ് സ്പെഷ്യൽസ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.ഇയാളുടെ പേരിലുള്ള ആൾതാമസമില്ലാത്ത വീട്ടിനുള്ളിലാണ് ചാരായം വാറ്റിയിരുന്നത്.
തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചാണ് പരിശോധന നടത്തിയത്. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.വി.രാജേഷ്‌കുമാരിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വാറ്റ് സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ് എക്സൈസ് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു