കഴിഞ്ഞ ശനിയാഴ്ചയാണ് തൃശൂർ മുണ്ടൂരിൽ എഴുപത്തിയഞ്ചുകാരി തങ്കമണി കൊല്ലപ്പെട്ടത്. കഴുത്തു ഞെരിച്ചും ശ്വാസംമുട്ടിയുമായിരുന്നു മരണം. ആരാണ് കൊന്നതെന്ന് അന്വേഷിക്കാൻ പൊലീസ് പരക്കംപാഞ്ഞു. ആഭരണങ്ങൾ നഷ്ടപ്പെട്ടില്ലെന്ന് മകൾ സന്ധ്യ. സ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം കരുതി. പക്ഷേ, അന്വേഷണത്തിന് ഇറങ്ങിയപ്പോൾ തെളിഞ്ഞതോടെ നടുക്കുന്ന സത്യവും.
നിതിന്‍റെ സ്വസ്ഥതയില്ലായ്മ : വീട്ടില്‍ പൊലീസ് എത്തിയതും അയല്‍പക്കത്തെ 'നിതിന്‍ ചേട്ടന്‍' പതിവായി വിളിച്ച് വിവരങ്ങള്‍ ചോദിച്ച കാര്യം സന്ധ്യയുടെ മകന്‍ വെളിപ്പെടുത്തി. എന്താണ് ചോദിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോള്‍ 'പൊലീസ് നായ വന്നോ. വിരലടയാള വിദഗ്ധർ വന്നോ' എന്നായിരുന്നുവെന്ന് അറിഞ്ഞു. ഇതുകേട്ട ഉടനെ, പൊലീസിന് സംശയമായി. തൃശൂർ എ.സി.പി കെ.ജി.സുരേഷും പേരാമംഗലം ഇൻസ്പെക്ടർ രതീഷും ഒരു കാര്യം തീരുമാനിച്ചു. സന്ധ്യയുടേയും നിതിന്‍റെയും ഫോൺ കസ്റ്റഡിയിലെടുക്കണം. ആദ്യം സന്ധ്യയുടെ ഫോൺ നോക്കി. ഗൂഗിൾ പേ വഴി നിതിന് പലപ്പോഴായി പണം അയച്ചു കൊടുത്തിട്ടുണ്ട്. മാത്രവുമല്ല, നിരന്തരം ഫോൺ വിളികളും. തങ്കമണി കൊല്ലപ്പെട്ട ദിവസവും രാത്രിയും പുലർച്ചെയുമെല്ലാം ഫോൺ ആക്ടീവായിരുന്നു. ഇതും സംശയം വർധിപ്പിച്ചു.
പക്ഷേ നിതിന്‍ ശബരിമല ദര്‍ശനത്തിനായി പോയിരുന്നത് കുഴക്കി. എന്നാലും തിരിച്ചുവരുന്നതും കാത്ത് പൊലീസ് കാത്തുനിന്നു. നേരിട്ട് വീട്ടിൽ വരാതെ സഹോദരിയുടെ വീട്ടിലേക്കാണ് നിതിന്‍പോയത്. ശബരിമലയിലേക്ക് പോയ ബസിന്‍റെ ഡ്രൈവറാണ് നിതിന്‍ പെങ്ങളുടെ വീട്ടിലിറങ്ങിയെന്ന് പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് അവിടെയെത്തി പൊലീസ് നിതിനെ കസ്റ്റഡിയിലെടുത്തു. സന്ധ്യയെ നേരത്തെ തന്നെ ചോദ്യംചെയ്തിരുന്നു. ഇരുവരും ഒന്നും മിണ്ടുന്നില്ല. മണിക്കൂറുകൾ ചോദ്യം ചെയ്തു. തങ്കമണിയുടെ ആഭരണങ്ങൾ എവിടെ എന്ന ചോദ്യത്തിനും ഇരുവരും ഉത്തരം പറഞ്ഞില്ല.
പൊട്ടിയ മാല പിടിവള്ളിയായി: പൊലീസ് സന്ധ്യയുടെ വീട്ടിൽ പരിശോധന നടത്തി. തങ്കമണിയുടെ മാലയുടെ പൊട്ടിയഭാഗം അലമാരയിൽ നിന്ന് കണ്ടെടുത്തു. സന്ധ്യയുടെ ഗൂഗിൾ പേ വഴി പണം നിതിൻ കൈപ്പറ്റിയിരുന്നു. ഈ തുക അമ്മയ്ക്കും സഹോദരിക്കും അയച്ചിരുന്നു. അമ്മയെയും സഹോദരിയെയും പ്രതിയാക്കുമെന്ന് പൊലീസ് സമ്മർദ്ദം ചെലുത്തി. ഇതോടെ തങ്കമണിയുടെ ആഭരണങ്ങൾ മുണ്ടൂരിലെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്നും ഒന്നേക്കാൽ ലക്ഷം രൂപ കൈക്കലാക്കി. ഇതുകൊണ്ട് കടംവീട്ടിയെന്നും മിച്ചം വന്ന പണം ശബരിമല പോകാൻ ഉപയോഗിച്ചെന്നും നിതിന്‍ വെളിപ്പെടുത്തി.
ദീര്‍ഘകാലത്തെ പ്രണയം : ദീർഘകാലമായി പ്രണയത്തിലായിരുന്നു സന്ധ്യയും നിതിനും. സന്ധ്യയ്ക്കു നാൽപത്തിയഞ്ചു വയസ്. നിതിനാകട്ടെ ഇരുപത്തിയേഴും. നിതിന്‍റെ അച്ഛനും അമ്മയും ജോലിക്കു പോകുന്നവർ. പകല്‍നേരത്ത് നിതിന്‍ വീട്ടില്‍ തനിച്ച്. സന്ധ്യയാകട്ടെ ജോലിക്കു പോകുന്നില്ല. നിതിന്‍റെ വീട്ടില്‍ ഇരുവരും പതിവായി കണ്ടുമുട്ടി. സന്ധ്യയുടെ ഭർത്താവ് ഹോട്ടൽ തൊഴിലാളിയാണ്. രാവിലെ പോയാൽ രാത്രിയേ വരൂ. കഴിഞ്ഞ ശനിയാഴ്ച പകൽ നേരം തങ്കമണി വീടിന്‍റെ പുറകിൽ നിൽക്കുമ്പോഴായിരുന്നു ഇരുവരും ഒന്നിച്ചാക്രമിച്ചതും. കഴുത്തുഞെരിച്ച് കൊന്നതും. മരിച്ചെന്ന് ഉറപ്പായ ശേഷം മൃതദേഹം നേരെ കട്ടിലിൽ കൊണ്ടുവന്ന് കിടത്തി. രാത്രിയിൽ ഉറങ്ങുന്നതിനിടെ പുറത്തേയ്ക്കു പോയ തങ്കമണി ഉരലിൽ തലയിടിച്ചു വീണെന്ന് വരുത്താനായിരുന്നു ശ്രമം.
പകൽ സമയത്ത് കൊല്ലപ്പെട്ട തങ്കമണി നേരത്തെ കിടന്നുറങ്ങിയെന്ന് ഭർത്താവിനോടും മകനോടും സന്ധ്യ പറഞ്ഞു. അർധരാത്രി നിതിൻ വീണ്ടും സന്ധ്യയുടെ അടുത്തെത്തി. കട്ടിലിൽ കിടന്ന മൃതദേഹം നേരെ ഉരലിനു സമീപത്ത് കൊണ്ടുവന്ന് കിടത്തി. നേരംപുലർന്ന ഉടനെ 'തങ്കമണി ചേച്ചി വീണുകിടക്കുന്നു'വെന്ന് നിതിൻ ഉറക്കെ വിളിച്ചു പറഞ്ഞു. തലയിടിച്ച് വീണതാകാമെന്ന് എല്ലാവരും കരുതി. പേരാമംഗലം പൊലീസ് വന്ന് പരിശോധിച്ചു. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം ചെയ്തു. തങ്കമണിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഊരിവച്ചതാണെന്നും സന്ധ്യ പൊലീസിനേയും ബന്ധുക്കളേയും ധരിപ്പിച്ചു. അതുകൊണ്ട് സംശയം തോന്നിയില്ല. പക്ഷേ, നിതിന്‍റെ ആകാംക്ഷ കലർന്ന ചോദ്യങ്ങൾ കൊലക്കേസ് തെളിയിക്കാൻ സഹായിച്ചു. പിന്നെ, പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ കണ്ടെത്തലും കൊലപാതകമെന്ന് ഉറപ്പിച്ചു.
പഴുതടച്ച അന്വേഷണം, പൊലീസ് മികവ്: സ്വാഭാവിക മരണമായി മാറേണ്ട സംഭവം കൊലപാതകമാണെന്ന് തെളിയിച്ചത് പൊലീസിന്‍റെ മികവാർന്ന അന്വേഷണമാണ്. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ എ.സി.പി. കെ.ജി. സുരേഷ്, പേരാമംഗലം ഇൻസ്പെക്ടർ രതീഷ്, എസ്.ഐ. അജ്മൽ, സ്ക്വാഡ് അംഗങ്ങളായ ദീപക്കും ഹരീഷും അടങ്ങുന്ന പൊലീസ് സംഘത്തിന്‍റെ കൂട്ടായ പ്രയത്നമാണ് കേസിൽ സത്യം തെളിയാൻ കാരണം. ചെറുപ്പത്തിലെ വിധവയായ തങ്കമണി തന്‍റെ ഏക മകൾക്കു വേണ്ടി ജീവിച്ചു. ആ മകളാവട്ടെ കാമുകന്‍റെ കടക്കെണി മാറ്റാന്‍ അമ്മയെ തന്നെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു.