കര്‍ണാടയില്‍ ഭർത്താവ് തന്‍റെ ശരീരത്തില്‍ മെർക്കുറി കുത്തിവച്ചെന്ന ആരോപണം ഉന്നയിച്ച യുവതി മരിച്ചു. ഒൻപതു മാസം ആശുപത്രിയിലായിരുന്ന വിദ്യയാണ് തിങ്കളാഴ്ച വിക്ടോറിയ ആശുപത്രിയിൽ മരിച്ചത്. തന്റെ ഭർത്താവ് എം.ബസവരാജു മനഃപൂർവ്വം തന്നെ ഉപദ്രവിച്ചുവെന്നും ശരീരത്തില്‍ മെര്‍ക്കുറി കുത്തിവച്ചുവെന്നും ആശുപത്രി കിടക്കയിൽ വച്ച് ദിവ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഫെബ്രുവരി 26ന് രാത്രി ബോധരഹിതയായി വീണതായാണ് വിദ്യ ആറ്റിബെലെ പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നത്. പിറ്റേന്ന് വൈകുന്നേരം ബോധം വീണ്ടെടുത്തപ്പോൾ വലതു തുടയിൽ കടുത്ത വേദന അനുഭവപ്പെട്ടു, ഇത് ഭർത്താവ് നൽകിയ ഇൻജക്ഷൻ കാരണമാണെന്നും വിദ്യ പറഞ്ഞു. മാർച്ച് 7ന് വിദ്യയെ ആറ്റിബെലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്ഥിതി മോശമായതോടെ ഓക്സ്ഫോർഡ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ വെച്ചാണ് വിദ്യയുടെ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നത്.
ഞായറാഴ്ച, നില വഷളായതോടെ വിദ്യ പൊലീസിന് മൊഴി നൽകുകയും ചെയ്തു. പിന്നാലെ കൊലപാതകശ്രമം ചുമത്തി വിദ്യയുടെ ഭര്‍ത്താവ് ബസവരാജുവിനെതിരെ എഫ്ഐആർ എഴുതി. വിദ്യയുടെ മൊഴി എഫ്ഐആറിൽ മരണമൊഴിയായി രേഖപ്പെടുത്തുകയും ചെയ്തു. വിവാഹത്തിനു പിന്നാലെ ഭർത്താവിൽനിന്നും ഭർതൃ വീട്ടുകാരിൽനിന്നും പീഡനവും അപമാനവും നേരടേണ്ടി വന്നിരുന്നുവെന്നും ഭർത്താവു തന്നെ ഭ്രാന്തി എന്നു വിളിച്ച് മുറിയിൽ പൂട്ടിയിടാറുണ്ടായിരുന്നെന്നും വിദ്യ പറഞ്ഞിട്ടുണ്ട്.
സംഭവം സ്ത്രീധനവുമായി ബന്ധപ്പെട്ട മരണമായി കേസ് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഭർത്താവിനെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.