കേസിൽ ദിലീപ് പ്രതിയായതോടെയാണ് നടി ആക്രമിക്കപ്പെടുന്നതിന് മുൻപും ശേഷവും എന്ന തരത്തിൽ മലയാള സിനിമാലോകം അടയാളപ്പെട്ടത് . കേസിന്‍റെ നാൾവഴിക്കിടെയാണ് വിമൻ ഇൻ സിനിമ കലക്ടീവ് എന്ന വിപ്ളവത്തിന് മലയാളസിനിമയിൽ സ്ത്രീകൾ തുടക്കമിട്ടതും.
2017ഫെബ്രുവരി 19, നടി ആക്രമിക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടപ്പോൾ എറണാകുളം ദർബാർ ഹോൾ മൈതാനത്ത് നടന്ന സിനിമാപ്രവർത്തകരുടെ പ്രതിഷേധത്തിലാണ്
ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാരിയർ ആരോപിച്ചത്.സംശയമുനയിലായിരുന്ന ദിലീപിനെ അമ്മ സംഘടന സംരക്ഷിക്കുന്നുവെന്ന് ആരോപണത്തിനിടെ സിനിമയ്ക്കുള്ളിലെ വനിതാ കൂട്ടായ്മ പ്രഖ്യാപിക്കപ്പെട്ടു. മഞ്ജുവാരിയരും റിമ കല്ലിങ്കലും ഉൾപ്പെടെ പതിനെട്ടുപേർ ചേർന്ന് രൂപീകരിച്ച കൂട്ടായ്മ മുഖ്യമന്ത്രിയെ കാണുന്നു. കേസിന്‍റെ നാൾവഴിയിൽ ദിലീപ് അറസ്റ്റിലായതോടെ സംരക്ഷിച്ച താരസംഘടനയ്ക്കുതന്നെ ദിലീപിനെ പുറത്താക്കേണ്ടി വന്നു. പൃഥ്വിരാജ് ഉൾപ്പടെയുള്ളവരുടെ നിലപാടും അതിൽ നിർണായകമായി.
സിനിമയിലെ സംഘടനാരംഗത്ത് പലയിടങ്ങളിലും അവസാനവാക്കായിരുന്ന ദിലീപിന് എല്ലായിടങ്ങളിലും സ്ഥാനം നഷ്ടപ്പെടുന്നതായിരുന്നു പിന്നീടത്തെ കാഴ്ച. താരമായി വാണയിടങ്ങളിൽ ദിലീപ് എന്ന പ്രതിയുമായി പൊലീസ് തെളിവെടുത്തു. ഒടുവിൽ ദിവസങ്ങളോളമുള്ള ജയിൽവാസത്തിനൊടുവിൽ പുറത്തിറങ്ങുമ്പോൾ ആശ്വാസമായത് രാമലീലയുടെ വിജയവും ആരാധകരും മാത്രം. ശേഷം കേരളം കണ്ടത് നായകന്‍റെ നിലനിൽപിനായുള്ള പോരാട്ടവും.