പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു. മാങ്ങാനം സ്വദേശി ആദർശാണ് കൊല്ലപ്പെട്ടത്. കോട്ടയം നഗരസഭ മുൻ കോൺഗ്രസ് കൗൺസിലർ മാണിക്കുന്നം സ്വദേശി അനിൽകുമാറിന്‍റെ മകന്‍ അഭിജിത്ത് അറസ്റ്റിലായി. അഭിജിത്തും കൊല്ലപ്പെട്ട ആദർശും ലഹരി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
ഇരുപത്തിമൂന്ന് വയസ്സകാരനായ മാങ്ങാനം സ്വദേശി ആദർശ് പുലര്‍ച്ചെയാണ് അഭിജിത്തിൻറെ വീട്ടിലേക്ക് എത്തിയത്. വീടിൻറെ ഗേറ്റിൽ വച്ച് ഇരുവരും തർക്കവും സംഘര്‍ഷവും ഉണ്ടായി. ഇതിനിടെയാണ് അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിന്‍റെ കഴുത്തില്‍ കുത്തിയത്. ബഹളം കേട്ട് വീടിനുള്ളിൽ നിന്ന് അഭിജിത്തിൻറെ അമ്മയും അച്ഛൻ അനിൽകുമാറും ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അഭിജിത്തും കൊല്ലപ്പെട്ട ആദർശും ലഹരി കേസുകളിലെ പ്രതികളാണ്. അഭിജിത്തിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി.
ഇരുവരും തമ്മില്‍ ലഹരിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. മറ്റൊരു സുഹൃത്തിന്‍റെ ബൈക്ക് അഭിജിത്ത് ആദർശിന് പന്ത്രണ്ടായിരം രൂപയ്ക്ക് പണയം വച്ചു. പണയത്തുക നൽകിയിട്ടും ബൈക്ക് തിരിക ലഭിച്ചില്ല. ഫോണിലൂടെ അഭിജിത്തും ആദർശ് തമ്മിൽ അസഭ്യം പറഞ്ഞ് വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് അഭിജിത്തിനെ തേടി ആദര്‍ശ് എത്തിയതും കൊലപാതത്തിലേക്ക് വഴിമാറിയതും . അഭിജിത്തിൻറെ പിതാവ് കോൺഗ്രസുകാരനായ അനിൽകുമാർ മുൻ നഗരസഭ കൗൺസിലറാണ്. ഇയാളെ ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.