കൊച്ചിയിൽ പങ്കാളിയെ മർദ്ദിച്ചു എന്ന പരാതിയിൽ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് ഗോപുവിന്‍റെ ക്രൂര പീഡനങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. യുവമോര്‍ച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലിവ് ഇന്‍ പങ്കാളിയുടെ പരാതിയില്‍ ഗോപുവിനെ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വധശ്രമത്തിനാണ് ഗോപുവിനെതിരെ കേസ് എടുത്തിട്ടുള്ളത്
കഴിഞ്ഞ ദിവസമാണ് ഏറ്റവും ക്രൂരമായ മര്‍ദനത്തിന് യുവതി ഇരയായത്. മൊബൈല്‍ ചാര്‍ജറിന്‍റെ കേബിള്‍ ഉപയോഗിച്ചായിരുന്നു ഗോപുവിന്‍റെ അക്രമം. യുവതിയുടെ പുറത്തും തുടയിലും ക്രൂരമായ അക്രമത്തിന്‍റെ പാടുകള്‍ അവശേഷിക്കുന്നുണ്ട്. മൊബൈല്‍ ചാര്‍ജറിന്‍റെ കേബിള്‍ പൊട്ടുന്നതുവരെ യുവതിയെ തുടര്‍ച്ചയായി പ്രതി ഉപദ്രവിക്കുമായിരുന്നു. ഗോപുവിന്‍റെ ഷര്‍ട്ട് ഇസ്തിരി ഇടുന്നതിനായി മേശപ്പുറത്ത് ഇരുന്ന ഹെല്‍മെറ്റ് താഴെ വച്ചതിനായിരുന്നു അവസാനത്തെ മര്‍ദനം.
അഞ്ചു വർഷമായി ഗോപുവും ലിവ് ഇന്‍ പങ്കാളിയും ഒരുമിച്ചാണ് താമസിക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് 2021 മേയ് 15 മുതലാണ് യുവതി തൈക്കൂടത്തെ വാടക വീട്ടില്‍ ഗോപുവുമൊത്ത് താമസം തുടങ്ങിയത്. മുന്‍ ഭര്‍ത്താവിനൊപ്പമാണ് യുവതിയുടെ മക്കള്‍ കഴിയുന്നത്. ഇവരെ കാണാനും യുവതിയെ ഗോപു അനുവദിച്ചിരുന്നില്ല. നിയമപരമായി ആദ്യവിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഒരു വർഷം വർഷത്തോളമായി തന്നെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. മര്‍ദനം സഹിക്കാനാകാതെ വന്നപ്പോള്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങിപ്പോവുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഗോപു മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി. യുവതിയോട് വിശദമായി പൊലീസ് സംസാരിച്ചതോടെയാണ് ക്രൂരതകള്‍ പുറത്തുവന്നത്.