തൃശൂര്‍ രാഗം തിയറ്റര്‍ ഉടമ വെളപ്പായ സുനിലിനേയും ഡ്രൈവറേയും കുത്തിപ്പരുക്കേല്‍പിച്ച യുവാക്കളെ തിരിച്ചറിയാന്‍ ശ്രമം തുടരുന്നു. തന്നെ തീവച്ചുകൊല്ലാനും ശ്രമിച്ചെന്ന് രാഗം തിയേറ്റര്‍ ഉടമ രാഗം സുനില്‍ പറഞ്ഞു. തിയറ്ററിന്റെ മുന്‍ ഉടമകള്‍ അപയാപ്പെടുത്തുമെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. തൃശൂരിലെ ഒരു തിയറ്റര്‍ ഉടമയുമായി വഴക്കുണ്ടെന്നും സുനില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
രാഗം തിയറ്റര്‍ ഉടമ വെളപ്പായ സ്വദേശി സുനില്‍ ഇന്നലെ രാത്രി പത്തു മണിയോടെ വീടിനു മുന്നില്‍വച്ചാണ് ആക്രമിക്കപ്പെട്ടത്. തൃശൂര്‍ വെളപ്പായയിലെ വീടിനു മുമ്പില്‍ കാര്‍ എത്തിയ ഉടനെ മൂന്നു യുവാക്കള്‍ ചാടിവീണു. കാറിന്‍റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടി. പിന്നെ കാറിന്‍റെ ചില്ല് തകര്‍ത്ത് സുനിലിന്‍റെ കാലില്‍ കുത്തി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം സുനില്‍ വീട്ടില്‍ വിശ്രമത്തിലാണ്.
തിയറ്റര്‍ നടത്തിപ്പിനു പുറമെ പണം വായ്പാ ബിസിനസും സുനില്‍ നടത്തുന്നുണ്ട്. ബിസിനസ് സംബന്ധമായി ആരോ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് സംശയിക്കുന്നു. അക്രമികളെ തിരിച്ചറിയുകയാണ് പ്രാഥമികമായ വെല്ലുവിളി. സുനിലിന്‍റെ വീടിനു എതിര്‍വശത്തുള്ള പാലത്തിനടിയില്‍ നിന്നാണ് യുവാക്കള്‍ വന്നത്. സുനിലിന്‍റെ വരവ് കാത്ത് വീടിനു മുമ്പില്‍ അക്രമികള്‍ തമ്പടിച്ചിരുന്നു. യുവാക്കളെ പിടികൂടിയാല്‍ മാത്രമെ, ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വ്യക്തമാവുകയുള്ളൂ. തൃശൂര്‍ എസിപി കെ.ജി.സുരേഷിന്‍റെ നേതൃത്വത്തില്‍ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.