Image Credit:x

Image Credit:x

സഹപ്രവര്‍ത്തകയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും രണ്ട് മക്കളെയും യുവാവ് കൊന്ന് വീടിനടുത്തുള്ള കുഴിയില്‍ തള്ളിയെന്ന് കണ്ടെത്തല്‍. ഗുജറാത്തിലെ ഫോറസ്റ്റ് ഓഫിസറായ ശൈലേഷ് കംബാലയാണ് കേസില്‍ അറസ്റ്റിലായത്. അസിസ്റ്റന്‍റ് കണ്‍സര്‍വേറ്ററായി ജോലി ചെയ്തിരുന്ന ശൈലേഷ് 2022 ലാണ് സഹപ്രവര്‍ത്തകയുമായി സൗഹൃദത്തിലായത്. ഇത് ക്രമേണെ പ്രണയമായി മാറിയെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കൊപ്പം ജീവിക്കുന്നിനായി ശൈലേഷ് കുടുംബത്തെ വകവരുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

അടുത്തയിടെയാണ് ഭാവ്​നഗറിലേക്ക് ശൈലേഷിന് സ്ഥലംമാറ്റം കിട്ടിയത്. ഭാര്യ നയനയും മകള്‍ പ്രീതയും ഒന്‍പതുകാരന്‍ മകന്‍ ഭവ്യയും സൂറത്തില്‍ തന്നെ തുടര്‍ന്നു. അവധി കിട്ടിയപ്പോള്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കാന്‍ മക്കളെയുമായി നയന എത്തിയതോടെയാണ് ശൈലേഷിന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊരു ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ നയന, താനും മക്കളും ഇനി മടങ്ങിപ്പോകുന്നില്ലെന്നും ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞു. ശൈലേഷ് ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് രാത്രിയില്‍ മൂവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

അതിരാവിലെ തന്‍റെ ജൂനിയര്‍ ഓഫിസറെ വിളിച്ചു വരുത്തി വീടിന്‍റെ സമീപത്തായി രണ്ട് കുഴിയെടുക്കാന്‍ ആവശ്യപ്പെട്ടു. ഈ കുഴിയില്‍ ഭാര്യയുടെയും മക്കളുടെയും മൃതദേഹം തള്ളി മുകളില്‍ മാലിന്യവും വിതറിയ ശേഷം ജീവനക്കാരെ വീണ്ടും വിളിച്ച് ആ കുഴിയില്‍ നീല്‍ഗായ് വീണ് ചത്തെന്നും താന്‍ കുറച്ച് മാലിന്യം അതിന് മേല്‍ ഇട്ടു,വേഗത്തില്‍ കുഴി മൂടണമെന്നും നിര്‍ദേശിച്ചു. ശൈലേഷിന്‍റെ നിര്‍ദേശ പ്രകാരം കുഴി മൂടിയ ശേഷം ഇയാള്‍ മടങ്ങിപ്പോയി. 

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശൈലേഷ്, നയന മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം നയനയുടെ ഫോണില്‍ നിന്നും 'താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും മക്കളുമായി അയാള്‍ക്കൊപ്പം പോകുന്നുവെന്നും' ശൈലേഷ് മെസേജ് അയച്ചു. പിന്നാലെ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലേക്കും മാറ്റി. 

അവധിക്ക് ഭര്‍ത്താവിനൊപ്പം നില്‍ക്കാന്‍ പോയ മകളും കൊച്ചുമക്കളും മടങ്ങിയെത്താതിരുന്നതോടെ നയനയുടെ കുടുംബം അന്വേഷണം ആരംഭിച്ചു. ശൈലേഷിനോട് ചോദിച്ചപ്പോള്‍ നവംബര്‍ രണ്ടിന് തന്നെ മൂന്നാളും മടങ്ങിയെന്നും താന്‍ ജോലി സ്ഥലത്തായിരുന്നതിനാല്‍ അവര്‍ ഓട്ടോ വിളിച്ചാണ് പോയതെന്നുമായിരുന്നു മറുപടി. ശൈലേഷിന്‍റെ സംസാരത്തില്‍ പന്തികേട് തോന്നിയ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ശൈലേഷിനെ ചോദ്യം ചെയ്തപ്പോഴും മൊഴിയില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടു. ഫോണ്‍ പരിശോധിച്ചപ്പോള്‍ ജൂനിയര്‍ ഓഫിസറെ ബന്ധപ്പെട്ടിരുന്നതായി കണ്ടു. ഇദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരം ലഭിച്ചത്. തന്നെ വീട്ടിലേക്ക് വിളിച്ചതും കുഴിയെടുക്കാന്‍ പറഞ്ഞതും പിന്നീട് കുഴി മൂടാന്‍ പറഞ്ഞതുമെല്ലാം ജൂനിയര്‍ ഉദ്യോഗസ്ഥന്‍ പൊലീസിനോട് വിവരിച്ചു. കുഴിയെടുത്ത സ്ഥലവും കാണിച്ച് കൊടുത്തു. ഇവിടെ പരിശോധിച്ചതോടെയാണ് മൂന്ന് പേരുടെയും അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം, ശൈലേഷിന്‍റെ പെണ്‍സുഹൃത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ENGLISH SUMMARY:

Shailesh Kambala, an Assistant Conservator of Forest in Gujarat, was arrested for allegedly suffocating his wife Nayana, daughter Preetha, and 9-year-old son Bhavya, and burying their bodies near his residence in Bhavnagar. The motive was his extramarital affair with a female colleague, which his wife confronted. To cover up the crime, Shailesh messaged Nayana’s family claiming she had eloped with another man. The crime came to light after Nayana's family grew suspicious and contacted the police, whose investigation, including questioning a junior officer who dug the pit, led to the gruesome discovery of the decomposed bodies