കാഴ്ചപരിമിതനായ ഭൂ ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ആധാരം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപ വായ്പയെടുത്തെന്ന പരാതിയില്‍ മാള പൊലീസ് കേസെടുത്തു. ഭൂ ഉടമയുടെ സഹോദരനും ബാങ്ക് ജീവനക്കാരനുമാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന തൃശൂര്‍ വെണ്ണൂര്‍ സഹകരണ ബാങ്കിനെതിരെയാണ് പരാതി.
മാള മേലഡൂര്‍ സ്വദേശിയാണ് കാഴ്ചപരിമിതിയുള്ള കുമാരന്‍. മകളുടെ വിവാഹ ആവശ്യത്തിനായി 2011ല്‍ രണ്ടു ലക്ഷം രൂപ വെണ്ണൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തു. 2017ല്‍ ഇതു തിരിച്ചടച്ചെന്ന് കുമാരന്‍ പറയുന്നു. പക്ഷേ, ബാങ്കിന്‍റെ രേഖകളില്‍ പണം തിരിച്ചടച്ചതായി വന്നിട്ടില്ല. മാത്രവുമല്ല, വായ്പ പലപ്പോഴായി പുതുക്കിയിട്ടുമുണ്ട്. കുമാരന്‍റെ സഹോദരന്‍ വേലായിയാണ് തുടക്കംതൊട്ടെ ബാങ്കില്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ബാങ്കിന്‍റെ കണക്കില്‍ പലപ്പോഴായി എടുത്ത വായ്പതുക പതിനഞ്ചു ലക്ഷം രൂപയാണ്. ഇത് ഭൂ ഉടമയ്ക്കറിയില്ലതാനും. തിരിച്ചടവ് മുടങ്ങി ഇപ്പോള്‍ ബാധ്യത മുപ്പത്തിരണ്ടു ലക്ഷമായി. ഭൂ ഉടമായ കുമാരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുമാരന്‍റെ സഹോദരന്‍ വേലായി, ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ നാലു ജീവനക്കാരാണ് കേസിലെ പ്രതികള്‍.
അതേസമയം, ജീവനക്കാര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് സെക്രട്ടറി വിശദീകരിച്ചു. കേസെടുത്തെങ്കിലും പ്രതികളെ ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വായ്പയെടുക്കാന്‍ നല്‍കിയ അപേക്ഷയിലെ ഒപ്പ് വ്യാജമാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.