എ.ടി.എമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടി 11 ലക്ഷം രൂപ ബെംഗളൂരു നഗരത്തിൽ പട്ടാപ്പകൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ ആറംഗ സംഘം കവർന്നു. ജയദേവ നഗറിൽ വെച്ചാണ് സ്വകാര്യ കമ്പനിയുടെ പണവുമായി പോയ വാഹനം തടഞ്ഞു നിർത്തി കൊള്ള നടത്തിയത്.
വൈകിട്ട് ജയദേവ നഗറിൽ വെച്ചാണ് നഗരത്തിലെ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ കരാറെടുത്ത സ്വകാര്യ കമ്പനിയുടെ കവചിത വാഹനത്തെ ഒരു ഇന്നോവ കാറിലെത്തിയ ആറംഗ സംഘം തടഞ്ഞുനിർത്തിയത്. റിസർവ് ബാങ്കിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്നും ചില ക്രമക്കേടുകൾ സംശയിക്കുന്നതിനാൽ പരിശോധന നടത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
പരിശോധനയുടെ പേരിലാണ് സംഘം വാഹനത്തിലെ ജീവനക്കാരെയും പണവും തങ്ങളുടെ ഇന്നോവ കാറിൽ കയറ്റിക്കൊണ്ടുപോയത്. പിന്നീട് ജീവനക്കാരെ ലാൽ ബാഗിന് സമീപമുള്ള അശോക പില്ലറിനടുത്ത് ഇറക്കിവിട്ട ശേഷം സംഘം പണവുമായി കടന്നുകളയുകയായിരുന്നു. കവർച്ചയിൽ ആകെ 7 കോടി 11 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.
കൊള്ളയെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് നഗരത്തിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കവർച്ചയ്ക്ക് ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഇന്നോവ കാറാണെന്ന് സ്ഥിരീകരിച്ചു. നമ്പർ യഥാർത്ഥത്തിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാറിന്റേതാണെന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, അശോക പില്ലറിൽ നിന്ന് ലാൽബാഗ് ഭാഗത്തേക്ക് നീങ്ങിയ ശേഷം കാർ യൂട്ടേൺ എടുത്ത് കോറമംഗലം വഴി ഹോസ്കോട്ടിലേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്കോട്ട് കഴിഞ്ഞാൽ അതിവേഗം ആന്ധ്രാപ്രദേശ്, തമിഴ്‌നാട് അതിർത്തികളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ബെംഗളൂരു പൊലീസ് അതീവ ജാഗ്രതയിലാണ്.