കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. മേയര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ വി.എം.വിനുവിന് മല്‍സരിക്കാനാവില്ലെന്ന് ഹൈക്കോടതി. വിനുവിന്‍റെ ഹര്‍ജി തള്ളി. 2020ലെ വോട്ടര്‍ പട്ടികയില്‍ തന്‍റെ പേരുണ്ടായിരുന്നു. എന്നാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അനുകൂല നിലപാടെടുത്തില്ലെന്നും കലക്ടര്‍ക്ക് നല്‍കിയ അപ്പീലിലും തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിനു ഹൈക്കോടതിയെ സമീപിച്ചത്. സ്വാഭാവിക നീതിയുടെ ലംഘനമാണ് ഉണ്ടായതെന്നും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. 

താന്‍ സെലിബ്രിറ്റിയായതിനാലാണ് ഇത് സംഭവിച്ചതെന്നും ജയം ഉറപ്പായപ്പോള്‍ ഭരണപക്ഷം ഗൂഢാലോചന നടത്തിയെന്നും വിനു വാദിച്ചു. എന്നാല്‍ സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും പേര് ചേര്‍ക്കാനുള്ള അവസാന തീയതി പത്രങ്ങളിലൂടെ വ്യക്തമാക്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷന് പോലും ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും കഴിവുകേടിന് മറ്റുപാര്‍ട്ടികളെ വിമര്‍ശിക്കരുതെന്നും കോടതി പറഞ്ഞു.

ENGLISH SUMMARY:

Kozhikode Corporation Election sees a setback for UDF as their mayoral candidate, VM Vinu, is barred from contesting. The High Court dismissed Vinu's plea, citing his failure to ensure his name was on the voter list despite public notifications.