anjana-gold-chain-thrissur

മാള വൈന്തലയില്‍  ബൈക്കിലെത്തി അംഗന്‍വാടി ടീച്ചറായ മോളി ജോര്‍ജിന്‍റെ മാല പൊട്ടിച്ചവര്‍ പിടിയില്‍. പട്ടാപ്പകല്‍ നടുറോഡിലായിരുന്നു പിടിച്ചുപറി. അതും മൂന്നരപ്പവന്‍റെ മാല. ബൈക്കില്‍ എത്തിയ രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമടങ്ങിയ സംഘമാണ് മോഷണം നടത്തിയതെന്ന്  മോളി മാള പൊലീസിനെ അറിയിച്ചു.  മോളി വഴിയരികിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു പിടിച്ചുപറി. 

തൃശൂര്‍ റൂറല്‍ എസ്.പി. ബി. കൃഷ്ണകുമാറിന്‍റെ നിര്‍ദേശപ്രകാരം  മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ബൈക്കിന്‍റെ നമ്പര്‍ കിട്ടി. മാത്രവുമല്ല, ബൈക്ക് യാത്രക്കാരെ തിരിച്ചറിയാനും ഈ ദൃശ്യങ്ങള്‍ക്കൊണ്ട് സാധിച്ചു. ഇവരുടെ മൊബൈല്‍ നമ്പര്‍ നിരീക്ഷിച്ചപ്പോള്‍ ചാലക്കുടി ഭാഗത്താണ് കാണിക്കുന്നത്. മാള പൊലീസ് നാടകീയമായി ഈ മൂന്നു പേരെയും പിടികൂടി. ഒരാള്‍ക്ക് പതിനേഴു വയസ്. മറ്റൊരാള്‍ക്ക് പതിനെട്ടു വയസ്. ഇരുപത്തിരണ്ടുകാരിയായ അഞ്ജനയായിരുന്നു പിടിച്ചുപറി ആസൂത്രണം ചെയ്തത്. 

കുട്ടിയെ അംഗന്‍വാടിയില്‍ വിടാന്‍ ചെന്നപ്പോഴായിരുന്നു അധ്യാപികയുടെ മാലയില്‍ അഞ്ജനയുടെ നോട്ടം വീണത്. പണമുണ്ടാക്കി അടിച്ചുപൊളി ജീവിതം ആഗ്രഹിച്ചു നടക്കുന്ന യുവതിയാണ് അഞ്ജന. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാക്കളുമായി ബന്ധം സ്ഥാപിച്ചതും ഇങ്ങനെ പണം തട്ടാനായിരുന്നു. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് കഴിയുകയാണ് യുവതിയെന്നും പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ടു യുവാക്കളെ പിടിച്ചുപറിയ്ക്കു പ്രേരിപ്പിച്ചതും അഞ്ജനയായിരുന്നു. ഈ മൂന്നു പേരും ആദ്യമായി ചെയ്യുന്ന കുറ്റകൃത്യമാണിത്. തരിപോലും സ്വര്‍ണം നഷ്ടപ്പെടുത്താതെ അതു വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞു.

ENGLISH SUMMARY:

Thrissur Police arrested a 22-year-old woman, Anjana, and her two young Instagram friends (aged 17 and 18) for snatching a 3.5-sovereign gold chain from Anganwadi teacher Moly George in Vynthala, Mala. Anjana, who desired a "party lifestyle," had noticed the teacher's chain while dropping off her child.