sushama-murder-up

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ലാലാപൂർ ഗ്രാമത്തിൽ താമസിക്കുന്ന 32 വയസുകാരിയായ സുഷമ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. കേസില്‍ 35കാരനായ സുഷമയുടെ ഭര്‍ത്താവ് രോഹിത് അറസ്റ്റിലായി. അന്വേഷണം വഴിതെറ്റിക്കാനായി ഇയാള്‍ സുഷമയുടെ രക്തം കൊണ്ട് ‘ഭര്‍ത്താവ് നിരപരാധിയാണ്’ എന്ന് ചുമരില്‍ എഴുതിയിരുന്നതായും പൊലീസ് പറഞ്ഞു. രോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് താമസിച്ചിരുന്ന വാടകവീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സുഷമയുടെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തില്‍ കത്തി തറച്ചു നില്‍ക്കുന്ന നിലയിലായിരുന്നു. താന്‍ രാവിലെ ഓഫിസിൽ പോയതായിരുന്നുവെന്നും ഫോണ്‍വിളിച്ചിട്ട് സുഷമ എടുക്കാത്തതിനാല്‍ വീട്ടുടമസ്ഥനോട് നോക്കാന്‍ ആവശ്യപ്പെട്ടപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നുമാണ് രോഹിത് പൊലീസിനോട് പറഞ്ഞിരുന്നു. മൃതദേഹത്തിന്‍റെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. സമീപത്ത് ചുമരില്‍ ‘എനിക്ക് മാനസികാസ്വാസ്ഥ്യമുണ്ട്, ഭര്‍ത്താവ് നിരപരാധിയാണ്’ എന്ന് രക്തം ഉപയോഗിച്ച് എഴുതിയിരുന്നു.

എന്നാല്‍ അന്വേഷണത്തില്‍ സുഷമയുടെ കയ്യില്‍ പറ്റിയിരുന്ന രക്തത്തിന്‍റെ അളവ് ചുമരിലെ ‘ആത്മഹത്യാ കുറിപ്പ്’ എഴുതാന്‍ മതിയാകില്ലെന്ന് പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് രോഹിതിന്‍റെ ചതിയുടെ ചുരുളഴിയുന്നത്. ചോദ്യം ചെയ്യലിൽ വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് താന്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുമെന്നും രോഹിത് സമ്മതിച്ചു. മറ്റൊരു സ്ത്രീയുമായുള്ള രോഹിതിന്റെ ബന്ധത്തെ സുഷമ എതിർത്തിരുന്നതായാണ് കരുതുന്നത്.

സുഷമയുമായി തനിക്ക് കുട്ടികള്‍ വേണമെന്ന് ആഗ്രഹമില്ലെന്ന് രോഹിത് പറഞ്ഞതായി യമുന നഗർ ഡിസിപി വിവേക് ചന്ദ്ര യാദവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഭാര്യയുടെ സഹോദരിക്ക് കുട്ടികളുണ്ട്, അവര്‍ തന്നെ പരിപാലിക്കും എന്ന് സുഷമയോട് രോഹിത് സ്ഥിരമായി പറയുമായിരുന്നു. സുഷമ തന്‍റെ ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് പലപ്പോഴും വഴക്കിടാറുമുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം രോഹിത് ഓഫിസിലെത്തി, വീട്ടുടമസ്ഥനെ വിളിച്ച് സുഷമ എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു. സുഷമ ഫോണെടുക്കുന്നില്ലെന്നും പോയിനോക്കാനും ആവശ്യപ്പെട്ടു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അഞ്ച് വർഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

ENGLISH SUMMARY:

Rohit (35) was arrested in Prayagraj for the murder of his wife, Sushma Dwivedi (32), whose body was found with deep stab wounds in their rented home. Rohit attempted to mislead the police by writing "Husband is innocent, I am mentally ill" in Sushma's blood on the floor. However, police grew suspicious as the blood quantity didn't match the writing. During questioning, Rohit confessed to the crime, admitting the murder followed an argument over his alleged extramarital affair. The DCP revealed Rohit often expressed disinterest in having children with Sushma, adding to the marital discord.