വിദ്യാർത്ഥികളെ പൊതിരെ തല്ലി മദ്രസ അധ്യാപകൻ. തമിഴ്നാട് തിരുപ്പത്തൂരിലെ വാണിയമ്പാടിയിലെ മദ്രസയിലാണ് സംഭവം. അധ്യാപകനായ ഷുഹൈബ് ആണ് നിരവധി വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും തല്ലിയത്. മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മദ്രസ അധികൃതർ, അധ്യാപകനെ സസ്പെൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ അധ്യാപകനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
വാണിയമ്പാടിയിലെ ബഷീറാബാദ് മസ്ജിദിന്റെ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന മദ്രസയിൽ അറുപതോളം വിദ്യാർത്ഥികളാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. നാല് അധ്യാപകരാണ് ഈ മദ്രസയിൽ പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളെ അധ്യാപകരിലൊരാൾ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. മർദ്ദിച്ച് അവശനാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ വലിച്ച് ഭിത്തിയിലേക്ക് എറിയുന്നതും കാണാം. വാണിയമ്പാടിയിലെ ഷാഹിറബാദ് സ്വദേശിയാണ് വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച അധ്യാപകൻ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.