കാസര്‍കോട് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് മാഹിന്‍ കല്ലട്രയ്ക്കെതിരെ ബെംഗളുരുവില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസ്. പഴയ ബിസിനസ് പങ്കാളിയുടെ കാര്‍ ഉപയോഗത്തിനു വാങ്ങിയ ശേഷം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അള്‍സൂര്‍ പൊലീസ് കേസെടുത്തത്.
മാഹിന്‍കലട്രയുടെ നേതൃത്വത്തില്‍ ബെംഗളുരുവിലുണ്ടായിരുന്ന കല്ലട്ര ടെക്നോളജീസെന്ന കമ്പനിയില്‍ ഡയറക്ടറായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി നിഷാദലി പുക്ലശേരിയാണു പരാതിക്കാരന്‍. നിഷാദിന്റെ പേരിലുള്ള 49.5 ലക്ഷം വിലയുള്ള ആഡംബര കാര്‍ ഉപയോഗിക്കാന്‍ വാങ്ങിയതിനു ശേഷം തിരികെ നല്‍കിയില്ലെന്നാണു പരാതി. മജിസ്ട്രേറ്റ് കോടതി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അള്‍സൂര്‍ പൊലീസ് കേസെടുത്തു.
ആഡംബര കാര്‍ നേരത്തെ കമ്പനിയിലുണ്ടായിരുന്നുവെന്നും അത് വിറ്റൊഴിവാക്കിയെന്നും മാഹിന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. വാഹനത്തിന്റെ റജിസ്ട്രേഷന്‍ ആരുടെ പേരിലാണന്ന് അറിയില്ലെന്നും മാഹിന്‍ വിശദീകരിച്ചു. അതേ സമയം കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ടു കല്ലട്ര സഹോദരങ്ങളും നിഷാദും തമ്മില്‍ തര്‍ക്കങ്ങളും കേസുകളും നിലവിലുണ്ട്.