TOPICS COVERED

കോട്ടയത്തു നിന്ന് കൊച്ചിയിലേക്ക് സ്കൂട്ടറിൽ എംഡിഎംഎ കടത്തുന്നതിനിടെ യുവാവ് എക്സൈസിന്റെ പിടിയിൽ. കൊച്ചിയിലെ ലഹരി ശൃംഖലയിലെ മുഖ്യകണ്ണി തിരുവാങ്കുളം സ്വദേശി അക്ഷയ് രാജാണ് തൃപ്പൂണിത്തുറ എക്സൈസിന്റെ പിടിയിലായത്. പള്ളുരുത്തിയില്‍ 175 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് പിടിയിലായ അക്ഷയ് രാജ്. 

ലഹരിക്കേസില്‍ അറസ്റ്റിലായ അക്ഷയ് രാജ്  എട്ട് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. വൈകാതെ ലഹരിവിതരണം തുടര്‍ന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അക്ഷയ് രാജിനെ എക്സൈസ് നോട്ടമിട്ടു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അക്ഷയ് രാജ് ലഹരിമരുന്നുമായി കുടുങ്ങിയത്. കോട്ടയത്തെ ഇടപാടുകാരനില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റി വിതരണത്തിനായി കൊച്ചിയിലേക്ക് എത്തിക്കുന്നതിനിടെയാണ് പിടിയിലായത്. തൃപ്പൂണിത്തുറ  എക്സൈസ് ഇന്‍സ്പെക്ടര്‍ സേതുലക്ഷ്മിയുടെ നേതൃത്വത്തില്‍ അതിസാഹസികമായാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ ആക്രമിച്ച് കടന്നുകളയാന്‍ അക്ഷയ് ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കി. ആക്രമണത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍റെ കൈക്ക് പരുക്കേറ്റു.  

തിരുവാങ്കുളം സ്വദേശി അക്ഷയ് രാജിന്  26 വയസ് മാത്രമാണ് പ്രായം.  ചുരുങ്ങിയ കാലംകൊണ്ടാണ് കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി അക്ഷയ് രാജ് വളര്‍ന്നത്. 2023 മാര്‍ച്ചില്‍ പതിനാറ് കിലോ കഞ്ചാവുമായി അമ്പലമേട് പൊലീസ് രണ്ട് യുവതികളടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് അക്ഷയയുടെ നേതൃത്വത്തില്‍ ലോറിയില്‍ മുന്നൂറ് കിലോയിലേറെ കഞ്ചാവ് കൊച്ചിയിലെത്തിച്ചുവെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിക്കുന്നത്. പള്ളുരുത്തി മധുരക്കമ്പനി റോഡില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് 175 കിലോയിലേറെ കഞ്ചാവ് കണ്ടെത്തി. 

ഒഡീഷയില്‍ നിന്ന് കടത്തിയ കഞ്ചാവ് സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കാനായി കാറില്‍ ശേഖരിക്കുകയായിരുന്നു. പിന്നാലെ അക്ഷയ് രാജും സുഹൃത്ത് ബിജീഷ് ബാലനും അറസ്റ്റിലായി. കേസില്‍ അക്ഷയ്യുടെ കൂട്ടാളികളായ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്ഷയയുടെ സുഹൃത്തും ലഹരിയിടപാടിലെ മുഖ്യ കണ്ണിയായ തൃപ്പൂണിത്തുറ സ്വദേശി അഖില്‍ സന്തോഷിനെ ഒരു വര്‍ഷത്തിന് ശേഷം ഒഡീഷയില്‍ നിന്ന് കഴിഞ്ഞ നവംബറിലാണ് പിടിയിലായത്. സംസ്ഥാനത്തിന് അകത്തും പുറത്തുമമുള്ള സ്റ്റേഷനുകളില്‍ ഒരുഡസനിലേറെ ലഹരിക്കേസുകളില്‍ പ്രതിയാണ് അഖില്‍. 

ENGLISH SUMMARY:

MDMA arrest in Kochi highlights the ongoing battle against drug trafficking. A major player in Kochi's drug network was apprehended, underscoring the severity of the drug problem in the region.