കടം നല്‍കിയ പണം തിരിച്ചുചോദിച്ചതിനു ബെംഗളുരുവലെ ടെക്കിയെ ബന്ധുവും സുഹൃത്തും കൊന്നു വീടിനുള്ളില്‍ കുഴിച്ചിട്ടു. ബെംഗളുരുവില്‍ സ്ഥിരതാമസമാക്കിയ ആന്ധ്ര കുപ്പം സ്വദേശി ശ്രീനാഥാണ് കൊല്ലപ്പെട്ടത്. ദൃശ്യം സിനിമയെ അനുസ്മരിക്കുന്ന തരത്തിലുള്ള കൊലപാതകമാണു ബെംഗളുരു പൊലീസിന്റെ സമര്‍ഥമായ നീക്കത്തില്‍ തെളിഞ്ഞത്.
ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന കൊല പൊലീസിന്റെ സമര്‍ഥമായ നീക്കങ്ങള്‍ക്കൊടുവിലാണു പുറത്തുവരുന്നത്. ബെംഗളുരുവിലെ ഐ.ടി. കമ്പനിയില്‍ നല്ല നിലയിലായിരുന്ന ശ്രീനാഥ് അമ്മാവന്റെ മകനായ പ്രഭാകറിന് ഇരട്ടിപ്പിക്കുന്നതിനായി 40 ലക്ഷംരൂപ നല്‍കിയിരുന്നു. പലകുറി ആവശ്യപ്പെട്ടിട്ടും പണം തിരികെ കിട്ടിയിരുന്നില്ല.
കുപ്പത്തെത്തിയാല്‍ പണം കൈമാറാമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ശ്രീനാഥ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതായി. കുപ്പത്ത് എത്തിയിട്ടില്ലെന്നു പ്രഭാകര്‍ അറിയിച്ചതോടെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലിലും പ്രഭാകര്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. ശ്രീനാഥിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കാനും ആവശ്യപ്പെട്ടു.
രണ്ടുമാസമായി ഫോണ്‍ കുപ്പം ടവറിനു കീഴിലെത്തിയിട്ടില്ലെന്നു വ്യക്തമായതോട അന്വേഷണം വഴിമുട്ടി. ഈസമയത്താണ് പ്രഭാകറിന് ജഗദീഷെന്ന കൂട്ടുകാരനുണ്ടെന്നു പൊലീസ് കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു വേണ്ടപോലെ ചോദ്യം ചെയ്തതോടെ മണിമണിയായി കാര്യങ്ങള്‍ വെളിപ്പെടുത്തി.
27നു വൈകീട്ട് വീട്ടിലെത്തിയ ശ്രീനാഥിനെ പ്രഭാകറും സുഹൃത്ത് ജഗദീഷും ചേര്‍ന്നു ഹാമ്മര്‍ കൊണ്ട് തലക്കടിച്ചു കൊന്നു. മുറിയിലെ തറകിളച്ചു കുഴിച്ചിട്ട്, സിമെന്റിട്ടു നിരപ്പാക്കുകയും ചെയ്തു. പൊലീസ് തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. 40 ലക്ഷം രൂപയുടെ ഇടപാടായതിനാല്‍ ഇ.ഡിയും ആദായ നികുതി വകുപ്പുമെല്ലാം പരിശോധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഫോണ്‍ വീട്ടില്‍ വച്ചുവരണമെന്ന് പ്രഭാകര്‍ ശ്രീനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കാത്തിന്റെ പേരില്‍ സ്വന്തം ഭാര്യയെ കൊന്ന കേസില്‍ ജയില്‍വാസം അനുഭവിച്ചയാളാണ് പ്രഭാകര്‍. കാമുകിയെ കൊലപ്പെടുത്തിയതിനു ജയില്‍ കിടന്നയാളാണ് കൂട്ടാളി ജഗദീഷ്. ഇക്കാര്യമെല്ലാം അറിയുമായിരുന്ന ശ്രീനാഥ് പണം ഇരട്ടിയായി കിട്ടുമെന്ന വാഗ്ദാനത്തില്‍ അതൊക്കെ മറന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.