പാലത്തായി പീഡനക്കേസിൽ നിർണായകമായത് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് കണ്ടെത്തിയ രക്തക്കറ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളിൽ നിന്ന് സാംപിൾ ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കു അയച്ചിരുന്നു. ഈ പരിശോധനാ ഫലത്തിലാണ് ടൈലുകളിൽ രക്തക്കറ കണ്ടെത്തിയത്.
പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജനെയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷിച്ചത്.
പത്മരാജൻ കുറ്റക്കാരനെന്ന് തലശ്ശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.
നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽവച്ചു മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്. 2 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചിട്ടുണ്ട്. 376 എ, 376 ബി വകുപ്പുകൾ പ്രകാരം മരണം വരെ ജീവപര്യന്തം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പോക്സോ ആക്ട് പ്രകാരം ആദ്യം 20 വർഷം കഠിന തടവും, ഇതിന് ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണമെന്നും കോടതി വിധിച്ചു.