കോഴിക്കോട് ഫറോക്കിലെ കള്ളനോട്ട് വേട്ടയില്‍ വിദ്യാർഥികളുൾപ്പെടെ അഞ്ചു പേർ പിടിയിൽ. 500 രൂപയുടെ 57 കള്ള നോട്ടുകളും, നോട്ട് നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട് മുക്കം ഭാഗങ്ങൾ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.
രാമനാട്ടുകരയിലെ ബാറിൽ ലഭിച്ച നോട്ടിൽ സംശയം ഉണ്ടായതിനെ തുടർന്ന് ആണ് ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചത് ഫറോക്ക് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാമനാട്ടുകര സ്വദേശി കെ ഡിജിൻ, കൊണ്ടോട്ടി സ്വദേശി സി അതുൽ കൃഷ്ണ, മുക്കം സ്വദേശി സാരംഗ്, അരീക്കോട് സ്വദേശികളായ അംജത്ഷാ, അഫ്നാൻ എന്നിവർ പിടിയിലായത്. ബാറിൽ എത്തി കള്ള നോട്ട് നൽകിയത് ഡിജിൻ അയച്ച മറ്റൊരാൾ ആണെന്നും സഹായത്തിന് അതുൽ കൃഷ്ണ കൂടെയുണ്ടായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ട് നിർമ്മാണത്തിൽ അംജത്ഷാ അഫ്‌നാൻ സാരംഗ് എന്നിവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇവർ താമസിക്കുന്ന വീടുകളിൽ നിന്നും നോട്ട് നിർമ്മാണത്തിനുള്ള A4 പേപ്പറുകളും പ്രിന്റിങ് മെഷീനും കണ്ടെടുത്തു. 500 രൂപയുടെ 57 നോട്ടുകളും, നോട്ട് അടിച്ചുവച്ച 30 പേപ്പർ ഷീറ്റുകളും ലഭിച്ചു. പ്രതികൾ കള്ളനോട്ട് അച്ചടി തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്ന് പൊലീസ് പറഞ്ഞു