പാലക്കാട് മണ്ണാർക്കാട് കളക്ഷൻ ഏജന്റിനെ ആക്രമിച്ച ലീഗ് പഞ്ചായത്ത് അംഗം അറസ്റ്റിൽ. കാഞ്ഞിരപ്പുഴ കൊറ്റിയോടിലെ സതീശനാണ് അറസ്റ്റിലായത്. ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വ്യാപാരി കളക്ഷൻ ഏജൻറ് ഹരിദാസിനെയാണ് ക്രൂരമായി ആക്രമിച്ചത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ആശുപത്രിപടിയിലെ വ്യാപാര സ്ഥാപനത്തിനു മുന്നിൽ ബൈക്ക് നിർത്തിയതുമായി ബന്ധപെട്ടുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. കാഞ്ഞിരപുഴ പഞ്ചായത്തിലെ ലീഗ് അംഗം സതീശൻ കളക്ഷൻ ഏജന്റ് ഹരിദാസിനെ ആദ്യം അസഭ്യം പറഞ്ഞു, ആക്രമിച്ചു, റോഡരികിലെ കൈവരിയിൽ ചേർത്ത് പിടിച്ചു കഴുത്തു ഞെരിച്ചു. നാട്ടുകാർ ഓടികൂടിയാണ് സതീശനെ പിന്തിരിപ്പിച്ചത്. ആക്രമണത്തിൽ ഹരിദാസിനു പരുക്കേറ്റു. മണ്ണാർക്കാട് പൊലീസ് സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തി.
തടഞ്ഞു വെച്ചു, ദേഹോപദ്രവം വരുത്തി തുടങ്ങീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങി. പ്രതിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ ഇന്നലെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.