കൊച്ചിയില്‍ അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്ത പന്ത്രണ്ട് വയസുകാരന് മര്‍ദനം. ഏഴാംക്ലാസ് വിദ്യാര്‍ഥിയായ മകനെയാണ് അമ്മയും ആണ്‍സുഹൃത്തും മര്‍ദിച്ചത്. മകന്‍റെ പരാതിയില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ എളമക്കര പൊലീസ് കേസെടുത്തു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ അമ്മയ്ക്കും ആണ്‍സുഹൃത്തായ യൂ ട്യൂബ് ചാനല്‍ അവതാരകനെതിരെയാണ് കേസ്.

അമ്മയുടെ ആണ്‍സുഹൃത്ത്  കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് ഏഴാംക്ലാസുകാരന്‍റെ പരാതി. അമ്മ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. അമ്മയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആണ്‍സുഹൃത്തിന്‍റെ ആക്രമണം. ആശുപത്രിയില്‍ ചികിത്സതേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്‍റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേർപിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു. 

കുട്ടിയുടെ വാക്കുകളിലേക്ക്...

‘ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടൻ ഇടയ്ക്ക് നിൽക്കാൻ വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ഞാന്‍ ഇടയില്‍ കയറിക്കിടന്നു. ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ മാറിയില്ല. ചേട്ടൻ പറഞ്ഞു എന്നെ തൊട്ടാല്‍ ഞാൻ നിന്നെ അടിക്കും. പക്ഷേ ഞാന്‍ മാറിയില്ല. അമ്മയെ വിളിച്ചപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു. ചേട്ടന്‍ എന്‍റെ കഴുത്തിൽ പിടിച്ചിട്ട് ബാത്റൂമിന്‍റെ ഡോറിൽ ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു. എന്നെ ചവിട്ടി താഴെയിട്ടു. അമ്മ കണ്ടിട്ടും പ്രതികരിച്ചില്ല. ഒന്നും പറയുകയും ചെയ്തില്ല’

ENGLISH SUMMARY:

Elamakkara Police have filed a case against a Civil Supplies employee and her YouTube channel anchor friend for allegedly assaulting her 12-year-old son in Kochi. The 7th-grade student reported that the assault occurred because he objected to his mother living with her male friend. The boy alleged the friend lifted him by his neck and beat him, while his mother scratched his chest. The child is currently under his father's care after receiving hospital treatment.