തമിഴ്‌നാട് വിരുദുനഗർ രാജപാളയത്ത് ക്ഷേത്ര കാവൽക്കാരെ കൊലപ്പെടുത്തി ഭണ്ഡാരം കൊള്ളയടിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിൽ വെടിവെച്ചാണ് പിടികൂടിയത്. ദേവസ്വം വകുപ്പിന് കീഴിലുള്ള നച്ചട തവിർതുലിയ സ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രി കാവൽ ജോലിയിൽ ഉണ്ടായിരുന്ന പേച്ചിമുത്തു, ശങ്കരപാണ്ഡ്യൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലത്തെ ഷിഫ്റ്റിൽ ജോലിക്ക് എത്തിയ കാവൽക്കാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭണ്ഡാരം കൊള്ളയടിക്കാനുള്ള ശ്രമം തടയാൻ ശ്രമിച്ച കാവൽക്കാരെ കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയാണ് നാഗരാജിനെ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ കാലിൽ വെടിവെക്കേണ്ടി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. പരുക്കേറ്റ നാഗരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ പുരാതന വിഗ്രഹങ്ങളോ ആഭരണങ്ങളോ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നതായി അധികൃതർ പറഞ്ഞു.