പ്രതീകാത്മക ചിത്രം
16 കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിനെ മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. അസമിലെ കച്ചാർ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പലയിടത്തുവച്ച് ഒന്നിലധികം തവണ പെണ്‍കുട്ടിയെ 40 കാരനായ അച്ഛന്‍ ബലാല്‍സംഗം ചെയ്തിരുന്നു.
ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഏഴു മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് ആരോഗ്യം വഷളായ പെണ്‍കുട്ടിയ ബന്ധുവീട്ടിലേക്ക് മാറ്റി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം അവള്‍ പ്രസവിച്ചു. ഈ സമയത്ത് പിതാവ് മറ്റൊരു വിവാഹവും കഴിച്ചിരുന്നു. രണ്ടാനമ്മ പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല.
ഇതിനിടെ ഒരു തവണ പെണ്‍കുട്ടി ജീവനൊടുക്കാനും ശ്രമിച്ചു. പിന്നീട് ഗുവാഹത്തിയിലേക്ക് ഓടിപ്പോയ പെണ്‍കുട്ടിയെ ആരോഗ്യാവസ്ഥ വഷളായ നിലയില്‍ റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്. പിന്നീട് സര്‍ക്കാരിന്‍റെ ഷെല്‍ട്ടറിലേക്ക് പെണ്‍കുട്ടിയെ മാറ്റി. പീഡനത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം ചൈല്‍ഡ് ഹെല്പ്ലൈനിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ജനുവരി 18ന് പെണ്‍കുട്ടി പിതാവിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ അനിയനെ കൊല്ലുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു.
കുട്ടിയുടെ പിതാവിനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പരാതിക്ക് പിന്നാലെ കഴിഞ്ഞ 11 മാസമായി ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാര്‍ഡ് ചെയ്തു.